ഇന്ത്യയില്‍ ഭീകരാക്രമണം നടത്താനുള്ള ഐഎസ് പദ്ധതി പൊലീസ് പരാജയപ്പെടുത്തി – റിപ്പോര്‍ട്ട്

ദില്ലി: ഇന്ത്യയിലെ വന്‍ നഗരങ്ങളെ ലക്ഷ്യം വെച്ചുള്ള തീവ്രവാദ സംഘടനയായ ഐഎസിന്റെ ഭീകരാക്രമണ ശ്രമങ്ങളെ പരാജയപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്. ഗുജറാത്തിലെ നഗരങ്ങളായ അഹമ്മദാബാദ്, ഗാന്ധിനഗര്‍, മുംബൈയിലെ നരിമാന്‍ ഹൗസ്, ഗേറ്റ്വേ ഓഫ് ഇന്ത്യ എന്നിവക്കെതിരെയുള്ള തീവ്രവാദ ഗൂഢാലോചന പരാജയപ്പെടുത്തിയതായി പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ഉന്നത സൈനിക താവളങ്ങള്‍ക്കെതിരെയും ആക്രമണത്തിന് പദ്ധതിയിട്ടു. ലക്ഷ്യസ്ഥാനങ്ങളുടെ ഫോട്ടോഗ്രാഫുകള്‍ പാകിസ്ഥാനിലേക്കും സിറിയയിലേക്കും അയച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ മാസം ആദ്യം ദേശീയ തലസ്ഥാനത്തെ ഒളിത്താവളത്തില്‍ നിന്ന് ദില്ലി പൊലീസ് അറസ്റ്റ് ചെയ്ത ഇസ്ലാമിക് സ്റ്റേറ്റ് പ്രവര്‍ത്തകനെന്ന് സംശയിക്കുന്ന ഷാനവാസ് എന്ന ഷാഫി ഉസാമയുടെ മൊഴിയില്‍ നിന്നാണ് ഭീകരാക്രമണ പദ്ധതി അറിഞ്ഞത്.

അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി വിദ്യാര്‍ഥികളും ?ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന. മഹാരാഷ്ട്ര ന?ഗരമായ പൂനെയെ കേന്ദ്രമാക്കാനാണ് ഇസ്ലാമിക് സ്റ്റേറ്റ് തീരുമാനിച്ചതെന്നും പറയുന്നു. രണ്ട് കൂട്ടാളികള്‍ അറസ്റ്റിലായതിന് ശേഷം ജൂലൈയില്‍ ഷാനവാസ് നഗരം വിട്ട് ഓടി ദില്ലിയിലെത്തി. അന്നുമുതല്‍ ഒളിവിലായിരുന്നു. തന്റെ ഭാര്യ ഇസ്ലാം മതം സ്വീകരിക്കുന്നതിന് മുമ്പ് ഒരു ഹിന്ദുവായിരുന്നുവെന്നും അലിഗഡ് സര്‍വകലാശാലയില്‍ വെച്ചാണ് ഇരുവരും കണ്ടുമുട്ടിയെന്നും അവിടെ വെച്ച് തീവ്രവാദ പദ്ധതികളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും ഷാനവാസ് കുറ്റസമ്മതത്തില്‍ പറഞ്ഞു.

അല്‍ ഖ്വയ്ദയുടെ മുതിര്‍ന്ന പ്രവര്‍ത്തകനായ അന്‍ബര്‍ അല്‍-അവ്ലാക്കിയാണ് ഷാനവാസിനെ പരിശീലിപ്പിച്ചത്. ഇയാള്‍ 2011ല്‍ കൊല്ലപ്പെട്ടു. പിന്നീട് ഇസ്ലാമിക സംഘടനയായ ഹിസ്ബുത് താഹിറില്‍ ചേര്‍ന്നതായി ഷാനവാസ് പറഞ്ഞു. ഹിസ്ബുത് താഹിറുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഭോപ്പാലില്‍ ഓഗസ്റ്റില്‍ എന്‍ഐഎ റെയ്ഡ് നടത്തിയിരുന്നു. റെയ്ഡുകളില്‍ 16 പേരെ അറസ്റ്റ് ചെയ്തു. അതേസമയം, ബോംബ് നിര്‍മിക്കാനും ഭീകരരെ പരിശീലിപ്പിക്കാനും പണം അയക്കുന്ന ഹവാല റൂട്ടുകളെക്കുറിച്ചും ഷാനവാസ് അധികൃതരോട് പറഞ്ഞതായി വൃത്തങ്ങള്‍ അറിയിച്ചു.

Top