ന്യൂഡല്‍ഹി: യു.എസിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം അഞ്ചിരട്ടിയായി വര്‍ധിച്ചതായി റിപ്പോര്‍ട്ട്. 2022 ഒക്ടോബിനും 2023 നവംബറിനുമിടയില്‍ അനധികൃതമായി യു.എസിലേക്ക് കടക്കുന്നതിനിടയില്‍ 96,917 ഇന്ത്യക്കാരെ പിടികൂടിയതായി യു.എസ്. കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രോട്ടക്ഷന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതില്‍ 730 പേര്‍ ഒറ്റയ്ക്ക് അതിര്‍ത്തികടന്ന കുട്ടികളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അനധികൃതമായി കടക്കാന്‍ ശ്രമിക്കുന്നവരില്‍ പ്രായപൂര്‍ത്തിയായ അവിവാഹിതരാണ് കൂടുതലുള്ളത്. 84,000 അവിവാഹിതരും ഒപ്പം ആരുമില്ലാത്ത 730 കുട്ടികളും അതിര്‍ത്തിയില്‍ പിടിക്കപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു. യു.എസില്‍ ഇമ്മിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റിന്റെ കസ്റ്റഡിയില്‍ നിരവധി ഇന്ത്യന്‍ കുട്ടികളുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
30,010 പേര്‍ കനേഡിയന്‍ അതിര്‍ത്തി വഴിയും 41,770 പേര്‍ മെക്സിക്കന്‍ അതിര്‍ത്തി വഴിയും കടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്. രാജ്യത്തിനുള്ളില്‍ പ്രവേശിച്ചതിന് ശേഷമാണ് ബാക്കിയുള്ളവര്‍ പിടിയിലായത്.യു.എസിന്റെ തെക്കന്‍, വടക്കന്‍, അതിര്‍ത്തികളില്‍ നിരവധി ജീവന്‍ പൊലിഞ്ഞിട്ടും 97,000 ഇന്ത്യക്കാരും ഈ അപകടകരമായ വഴികളാണ് യാത്രക്ക് തെരഞ്ഞെടുത്തതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.