തമിഴകത്ത് അടുത്ത ക്ലാഷ് റിലീസിന് കളമൊരുങ്ങുന്നതായി റിപ്പോര്‍ട്ട്

മിഴകത്ത് അടുത്ത ക്ലാഷ് റിലീസിന് കളമൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. സൂര്യയും ഉലകനായകന്‍ കമല്‍ഹാസനുമാണ് ഇത്തവണ നേര്‍ക്കുനേര്‍ വരുന്നത്. ശങ്കര്‍-കമല്‍ഹാസന്‍ ചിത്രം ‘ഇന്ത്യന്‍ 2’ഉം സൂര്യ നായകനാകുന്ന ‘കങ്കുവ’യും 2024ല്‍ ഒരേദിവസം റിലീസിനെത്തുമെന്നാണ് റിപ്പോര്‍ട്ട്.

കങ്കുവ തമിഴിന് പുറമെ തെലുങ്ക്, ഹിന്ദി, മലയാളം തുടങ്ങി പത്ത് ഭാഷകളിലാണ് റിലീസിനെത്തുന്നത്. സിരുത്തൈ ശിവയാണ് സംവിധാനം. രജനികാന്ത് ചിത്രം ‘അണ്ണാത്തെ’യ്ക്ക് ശേഷം ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 3ഡിയിലാണ് സിനിമയൊരുങ്ങുന്നത്. യു വി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍രാജയും ചേര്‍ന്നാണ് നിര്‍മ്മാണം.ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് 2022ല്‍ ഗംഭീര വിജയം തീര്‍ത്ത ‘വിക്രം’ സിനിമയില്‍ സൂര്യയും കമല്‍ഹാസനും ഒന്നിച്ചിരുന്നു. അരുണ്‍ കുമാര്‍ വിക്രം എന്ന നായകനായി കമല്‍ഹാസന്‍ എത്തിയപ്പോള്‍ റോളക്‌സ് എന്ന സൂപ്പര്‍ വില്ലനായിരുന്നു സൂര്യയുടെ കഥാപാത്രം.

തെന്നിന്ത്യ കാത്തിരിക്കുന്ന പ്രധാന സീക്വലുകളില്‍ ഒന്നാണ് ‘ഇന്ത്യന്‍ 2’. സിനിമയുടെ ഇന്‍ട്രൊ ഗ്ലീംസ് വീഡിയോ കഴിഞ്ഞ ദിവസം അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയിരുന്നു. സിദ്ധാര്‍ത്ഥ്, എസ് ജെ സൂര്യ, രാകുല്‍ പ്രീത് സിങ്, പ്രിയ ഭവാനി ശങ്കര്‍, കാളിദാസ് ജയറാം, നെടുമുടി വേണു, വിവേക്, ബോബി സിംഹ, ഗുരു സോമസുന്ദരം, മനോബാല, വെണ്ണെല കിഷോര്‍, ദീപ ശങ്കര്‍ തുടങ്ങിയവര്‍ ഇന്ത്യന്‍ 2ല്‍ അഭിനേതാക്കളാണ്. ലൈക്ക പ്രൊഡക്ഷന്‍സും റെഡ് ജെയ്ന്റ് മൂവീസും ചേന്നാണ് നിര്‍മ്മാണം.

 

Top