സിദ്ദു മൂസെവാലെയുടെ ഘാതകര്‍ സല്‍മാന്‍ ഖാനെയും നിരീക്ഷിച്ചതായി റിപ്പോർട്ട്

മുംബൈ: ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസെവാലെയുടെ കൊലപാതക കേസിലെ പ്രതികള്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാനേയും നിരീക്ഷിച്ചിരുന്നതായി പോലീസ്. കൊലപാതകത്തിന്റെ മുഖ്യസൂത്രധാരനായ ലോറന്‍സ് ബിഷ്ണോയിയുടെ നിര്‍ദ്ദേശപ്രകാരം പ്രതികള്‍ സല്‍മാന്‍ ഖാനെ മുംബൈയില്‍ നിരീക്ഷിച്ചിരുന്നുവെന്ന് പഞ്ചാബ് പോലീസ് ഡയറക്ടര്‍ ജനറല്‍ ഗൗരവ് യാദവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മൂസെവാലെയുടെ കൊലപാതക കേസില്‍ അറസ്റ്റിലായ കപില്‍ പണ്ഡിറ്റ്, താനും കൂട്ടാളികളും ചേര്‍ന്ന് സല്‍മാനെ ഖാനെ നിരീക്ഷിച്ചതായി ചോദ്യം ചെയ്യലിനിടെ പോലീസിനോട് സമ്മതിച്ചിട്ടുണ്ടെന്നും ഡിജിപി വ്യക്തമാക്കി. കൂടുതല്‍ വ്യക്തതയ്ക്കായി കപില്‍ പണ്ഡിറ്റ് പരാമര്‍ശിച്ച സച്ചിന്‍ ബിഷ്‌ണോയിയേയും സന്തോഷ് യാദവിനേയും ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പോലീസ്.

മൂസെവാലെയുടെ കൊലപാതകത്തിന് പിന്നാലെ ജൂണില്‍ സല്‍മാന്‍ ഖാന്റെ പിതാവിന് വധഭീഷണി കത്ത് ലഭിച്ചിരുന്നു. മൂസെവാലെയ്ക്കുണ്ടായ അതേ വിധി മകനും ഉണ്ടാവുമെന്നായിരുന്നു ഹിന്ദിയിലെഴുതിയ കത്തിലെ ഉള്ളടക്കം. പ്രതികളുടെ വെളിപ്പെടുത്തലുകളും ഭീഷണിസന്ദേശവും തമ്മില്‍ ബന്ധമുണ്ടെന്നാണ് പോലീസ് അനുമാനം.

 

Top