നിതീഷ് കുമാറിന് ഇന്‍ഡ്യ മുന്നണി കണ്‍വീനറുടെ ചുമതല വാഗ്ദാനം ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു ദേശീയ അധ്യക്ഷനുമായ നിതീഷ് കുമാറിന് ഇന്‍ഡ്യ മുന്നണി കണ്‍വീനറുടെ ചുമതല വാഗ്ദാനം ചെയ്‌തേക്കുമെന്ന് മുന്നണി വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ ഇത് സംബന്ധിച്ച് നിതീഷ് കുമാറുമായി ഓണ്‍ലൈന്‍ മീറ്റിങ്ങില്‍ ചര്‍ച്ച ചെയ്യുമെന്നാണ് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്.കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, ജയറാം രമേശ്, കെ സി വേണുഗോപാല്‍ മറ്റ് പാര്‍ട്ടികളില്‍ നിന്നുള്ള രണ്ട് നേതാക്കള്‍ എന്നിവര്‍ ഓണ്‍ലൈന്‍ മീറ്റിങ്ങില്‍ പങ്കെടുക്കും. ഇന്‍ഡ്യ സഖ്യത്തോടുള്ള അതൃപ്തി നിതീഷ് വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഇത്തരത്തിലൊരു നീക്കം. ഡിസംബര്‍ 29 ന് ഡല്‍ഹിയില്‍ നടന്ന ജെഡിയു ദേശീയ എക്‌സിക്യൂട്ടീവിന് ശേഷം ബിഹാര്‍ മുഖ്യമന്ത്രി ഇന്‍ഡ്യ മുന്നണിയുടെ പ്രവര്‍ത്തനങ്ങളില്‍ നിരാശപ്രകടിപ്പിച്ചിരുന്നു. തന്റെ നിര്‍ദ്ദേശങ്ങളൊന്നും ഗൗനിക്കുന്നില്ലെന്നും നിതീഷ് ആരോപിച്ചിരുന്നു.

ജെഡിയു യോഗത്തില്‍ നിതീഷ് നടത്തിയ പ്രസംഗം അദ്ദേഹം വീണ്ടും എന്‍ഡിഎ മുന്നണിയിലേയ്ക്ക് ചേക്കേറാനുള്ള നീക്കത്തിന്റെ സൂചനയായി വിലയിരുത്തപ്പെട്ടിരുന്നു. നിതീഷിന് ഇന്‍ഡ്യ മുന്നണിയുടെ കണ്‍വീനര്‍ സ്ഥാനം വാഗ്ദാനം ചെയ്തതിലൂടെ ഈ നീക്കത്തിന് തടയിടാനാണ് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ സഖ്യത്തിന്റെ നീക്കം. ഇന്‍ഡ്യ സഖ്യത്തിന്റെ നിലനില്‍പ്പിന്റെ ഉത്തരവാദിത്വം ഇതിലൂടെ നിതീഷിന്റെ ചുമതലയാകുമെന്നും കണക്കു കൂട്ടലുണ്ട്.ഏറ്റവും ഒടുവില്‍ ഡിസംബര്‍ 19ന് ഡല്‍ഹിയില്‍ നടന്ന ഇന്‍ഡ്യ സഖ്യത്തിന്റെ യോഗത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗയെ മുന്നണിയുടെ കണ്‍വീനറും പ്രധാമന്ത്രി സ്ഥാനാര്‍ത്ഥിയുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും നിര്‍ദ്ദേശിച്ചിരുന്നു. ഈ സാഹചര്യത്തില്‍ മുന്നണി കണ്‍വീനറാകണമെന്ന ഇന്‍ഡ്യ മുന്നണി നേതാക്കളുടെ ആവശ്യം നിതീഷ് സ്വീകരിക്കുമോ എന്നതില്‍ വ്യക്തതയില്ല. ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദോ ബിഹാര്‍ ഉപമുഖ്യമന്ത്രി മകന്‍ തേജസ്വി പ്രസാദ് യാദവോ യോഗത്തില്‍ നിതീഷിന്റെ പേര് നിര്‍ദ്ദേശിച്ചിരുന്നില്ല. ഇതിലും നിതീഷിന് അനിഷ്ടമുണ്ടെന്ന് സൂചനകളുണ്ട്. എന്നാല്‍, ഇന്‍ഡ്യ മുന്നണിയുടെ കണ്‍വീനര്‍ സ്ഥാനം നിതീഷിന് വാഗ്ദാനം ചെയ്യുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ഈ നീക്കത്തെ അനുകൂലിച്ച് ആര്‍ജെഡി രംഗത്തെത്തിയിട്ടുണ്ട്. ‘നിതീഷ് കുമാറിനെ ഇന്ത്യയുടെ കണ്‍വീനര്‍ ആക്കണമെന്ന് ഞാനും എന്റെ പാര്‍ട്ടിയും വിശ്വസിക്കുന്നു. അദ്ദേഹത്തേക്കാള്‍ യോഗ്യനായ മറ്റൊരു നേതാവില്ല’ എന്നായിരുന്നു ആര്‍ജെഡി രാജ്യസഭാംഗം മനോജ് ഝാ പാറ്റ്നയില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചത്.

രാഷ്ട്രീയ ജനതാദള്‍ തലവന്‍ ലാലു പ്രസാദ്, സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, ശിവസേന നേതാവ് ഉദ്ധവ് താക്കറെ, എന്‍സിപി നേതാവ് ശരദ് പവാര്‍, ഇടതുപാര്‍ട്ടികളുടെ നേതാക്കള്‍ തുടങ്ങിയവരുമായി കൂടിയാലോചനകള്‍ നടത്തിയതിന് ശേഷമാണ് നിതീഷിനെ കണ്‍വീനറാക്കാനുള്ള നീക്കമെന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് മുന്‍കൈ എടുത്ത് നടത്തുന്ന പുതിയ നീക്കത്തെ മറ്റുകക്ഷികളും അംഗീകരിച്ചുവെന്നാണ് റിപ്പോര്‍ട്ട്.എന്നാല്‍ ഈ വിഷയത്തില്‍ ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് ബിഹാര്‍ ധനമന്ത്രി വിജയ് കുമാര്‍ ചൗധരിയെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ‘അത്തരം നിര്‍ദ്ദേശങ്ങള്‍ വന്നാല്‍ മുതിര്‍ന്ന ജെഡിയു നേതാക്കള്‍ വിഷയം ചര്‍ച്ച ചെയ്യും. എന്നാല്‍ അന്തിമ തീരുമാനം എടുക്കുക നിതീഷ് കുമാറായിരിക്കും. നാമെല്ലാവരും അത് സ്വീകരിക്കു’മെന്നും വിജയ് കുമാര്‍ ചൗധരി വ്യക്തമാക്കിയിട്ടുണ്ട്. ഇന്‍ഡ്യ സഖ്യത്തിന്റെ സീറ്റ് പങ്കുവയ്ക്കലിലെ കാലതാമസത്തെയും നിതീഷിന്റെ വിശ്വസ്തനായ വിജയ് കുമാര്‍ വിമര്‍ശിച്ചു.

Top