ഡല്‍ഹി: ഇന്ത്യന്‍ പേസ് ബൗളര്‍ മുഹമ്മദ് ഷമിക്ക് ഐപിഎല്‍ 2024 സീസണ്‍ നഷ്ടമാകുമെന്ന് റിപ്പോര്‍ട്ട്. നിലവിലെ റണ്ണറപ്പുകളായ ഗുജറാത്ത് ടൈറ്റന്‍സിന്റെ നിര്‍ണായക താരമാണ് മുഹമ്മദ് ഷമി. ഇടത് കണങ്കാലിന് പരിക്കേറ്റതിനാല്‍ അടുത്ത മാസം നടക്കാനിരിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങളില്‍ നിന്ന് ഷമിയെ ഒഴിവാക്കിയതായി ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു. മുന്‍ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സിലേക്ക് കൂടുമാറിയതിന് പിന്നാലെയാണ് ഗുജറാത്ത് ടൈറ്റന്‍സിന് വീണ്ടും തിരിച്ചടി സംഭവിച്ചിരിക്കുന്നത്.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും ഷമി കളിച്ചിരുന്നില്ല. ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന ലോകകപ്പിന്റെ ഫൈനലിലാണ് ഷമി അവസാനമായി ഇന്ത്യയ്ക്ക് വേണ്ടി കളിച്ചത്. ഏകദിന ലോകകപ്പ് ടൂര്‍ണമെന്റില്‍ 24 വിക്കറ്റുമായി ഷമി ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങിയിരുന്നു. ടൂര്‍ണമെന്റിലും കാലിന് ശക്തമായ വേദന അനുഭവപ്പെട്ടിട്ടും താരം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. അടുത്തിടെ അര്‍ജുനാ അവാര്‍ഡ് നല്‍കി രാജ്യം ഷമിയെ ആദരിക്കുകയും ചെയ്തിരുന്നു.
കണങ്കാലിന് ശസ്ത്രക്രിയക്ക് വിധേയനാവാന്‍ ഒരുങ്ങുകയാണ് ഷമി. ഇതുകാരണമാണ് താരത്തിന് സീസണ്‍ നഷ്ടമാകുന്നത്. യുകെയിലാണ് ശസ്ത്രക്രിയ. ജനുവരി അവസാന വാരം ഷമി ലണ്ടനില്‍ കണങ്കാലിന് പ്രത്യേക കുത്തിവെപ്പുകള്‍ എടുത്തിരുന്നു. എന്നാല്‍ അത് വേണ്ട വിധത്തില്‍ ഫലം കാണാതെ വന്നതോടെയാണ് ശസ്ത്രക്രിയ്ക്ക് വിധേയനാകാന്‍ തീരുമാനിച്ചത്. ഇതിനായി താരം സമീപ ദിവസം തന്നെ യുകെയിലേക്ക് യാത്ര തിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.