ഏഷ്യാ കപ്പിന് കെ.എല്‍ രാഹുലും ശ്രേയസ് അയ്യരും കളിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്

ബാംഗ്ലൂര്‍: 2023-ലെ ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കാനിരിക്കെ ശ്രേയസ് അയ്യരുടെയും കെ എല്‍ രാഹുലിന്റെയും കാര്യത്തില്‍ ഇന്ത്യക്ക് ആശങ്ക. ഇരുവരും പരിക്കില്‍ നിന്ന് പൂര്‍ണമായും മുക്തരായിട്ടില്ല എന്നതാണ് ഒഴിവാക്കാനുള്ള കാരണമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) വൃത്തങ്ങള്‍ അറിയിച്ചു. ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ 17 വരെയാണ് കോണ്ടിനെന്റല്‍ ചാമ്പ്യന്‍ഷിപ്പ്.

അടുത്തിടെ സോഷ്യല്‍ മീഡിയയിലൂടെ താരങ്ങള്‍ ഫിറ്റ്നസ് പുരോഗതി പങ്കുവെച്ചത് ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കിയിരുന്നു. ഏഷ്യാ കപ്പിലൂടെ ഇരുവരും ടീമില്‍ തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചവരെ നിരാശപ്പെടുത്തുന്നതാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്. നെറ്റ്‌സില്‍ തിരിച്ചെത്തിയെങ്കിലും അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കാന്‍ താരങ്ങള്‍ പൂര്‍ണ സജ്ജരല്ലെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ പറയുന്നത്. സെപ്തംബറില്‍ ഓസ്ട്രേലിയയ്ക്കെതിരായ മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിലൂടെ താരങ്ങള്‍ തിരിച്ചുവരവ് നടത്തിയേക്കും.

പൂര്‍ണമായി സുഖം പ്രാപിച്ചാല്‍ ഈ വര്‍ഷം അവസാനം നടക്കുന്ന ഏകദിന ലോകകപ്പിലും താരങ്ങള്‍ക്ക് ഇടം ലഭിച്ചേക്കും. വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയുടെ ഭാഗമായിരുന്ന മിക്ക കളിക്കാരും പാകിസ്ഥാനിലും ശ്രീലങ്കയിലും നടക്കുന്ന ആറ് ടീമുകളുടെ ചാമ്പ്യന്‍ഷിപ്പില്‍ ഇടംപിടിക്കാന്‍ സാധ്യതയുണ്ടെന്നാണ് രാഹുലിന്റെയും അയ്യരുടെയും അഭാവം സൂചിപ്പിക്കുന്നത്. ആഗസ്ത് 24 മുതല്‍ 29 വരെ ബെംഗളൂരുവില്‍ നടക്കുന്ന ഏഷ്യാ കപ്പ് പ്രിപ്പറേറ്ററി ക്യാമ്പില്‍ അവസാന ടീമിന്റെ ഘടനയും ബാറ്റിംഗ് ഓര്‍ഡറും നിശ്ചയിക്കും. സെപ്തംബര്‍ രണ്ടിന് പാകിസ്ഥാനെതിരെയാണ് ഏഷ്യാ കപ്പിലെ ഇന്ത്യയുടെ ഉദ്ഘാടന മത്സരം.

Top