നിരന്തരമായ യാത്രകള്‍, കടുത്ത മാനസിക സമ്മര്‍ദം ഉണ്ടാക്കുന്നതുകാരണമാണ് കിഷന്‍ പിന്മാറിയതെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഏത് മേഖലയാണെങ്കിലും അതില്‍ മികവ് കാണിക്കുന്നതില്‍ മാനസികാരോഗ്യത്തിനുള്ള പ്രാധാന്യം ഏറെ വലുതാണ്. സമീപകാലത്ത് ഈ വിഷയം വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നുമാണ്. ക്രിക്കറ്റിന്റെ കാര്യമെടുത്താല്‍ മുന്‍ ഇംഗ്ലീഷ് താരവും അഫ്ഗാനിസ്താന്‍ പരിശീലകനുമായ ജൊനാഥന്‍ ട്രോട്ട്, ഓസ്ട്രേലിയന്‍ താരം ഗ്ലെന്‍ മാക്സ്വെല്‍, ഇന്ത്യയുടെ പൃഥ്വി ഷാ, മുഹമ്മദ് ഷമി, ഇംഗ്ലീഷ് വനിത ക്രിക്കറ്റര്‍ അലക്സ് ഹാര്‍ട്ലി തുടങ്ങിയവരെല്ലാം തന്നെ തങ്ങള്‍ അനുഭവിച്ച മാനസികാരോഗ്യ പ്രശ്നങ്ങളെ കുറിച്ച് തുറന്നുപറഞ്ഞവരാണ്. അക്കൂട്ടത്തിലേക്ക് ഇതാ ഇന്ത്യന്‍ താരം ഇഷാന്‍ കിഷനും.

ഏകദിന ലോകകപ്പ് അടക്കം വിവിധ പരമ്പരകളില്‍ ഇന്ത്യന്‍ ടീമിനൊപ്പം സ്ഥിരമായി യാത്ര ചെയ്യുന്നയാളാണ് കിഷന്‍. എന്നാല്‍ സ്ഥിരം താരങ്ങള്‍ ലഭ്യമല്ലാതിരിക്കുമ്പോള്‍ മാത്രമാണ് താരത്തിന് കളിക്കാന്‍ അവസരം ലഭിക്കുന്നത്. ഈ അധ്വാനവും അവസരങ്ങളിലെ അനിശ്ചിതത്വവും മാനസികമായി ക്ഷണിപ്പിക്കുന്നുണ്ടെന്നാണ് താരം പറയുന്നത്.കഴിഞ്ഞ ഒരു വര്‍ഷമായി നിര്‍ത്താതെ യാത്ര ചെയ്യുന്ന തനിക്ക് വിശ്രമം അനുവദിക്കണമെന്ന് കിഷന്‍ കഴിഞ്ഞ ആഴ്ചയാണ് ദക്ഷിണാഫ്രിക്കയില്‍വെച്ച് ടീം മാനേജ്‌മെന്റിനോട് അഭ്യര്‍ഥിച്ചത്. താരത്തിന്റെ ആവശ്യം അംഗീകരിച്ച ടീം മാനേജ്‌മെന്റ് സെലക്ടര്‍മാരുമായി സംസാരിക്കുകയും ചെയ്തുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ദക്ഷിണാഫ്രിക്കയ്ക്കെതിരായുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട താരമായിരുന്നു ഇഷാന്‍. എന്നാല്‍ ദിവസങ്ങള്‍ക്കു മുമ്പ് പരമ്പരയില്‍ നിന്ന് പിന്മാറുകയാണെന്ന് താരം ബിസിസിഐയെ അറിയിച്ചു. ടീമിനൊപ്പം ഒരു വര്‍ഷത്തോളമുള്ള നിരന്തരമായ യാത്രകളും ഇടയ്ക്കിടെ മാത്രം ലഭിക്കുന്ന അവസരവും കടുത്ത മാനസിക സമ്മര്‍ദം ഉണ്ടാക്കുന്നുവെന്ന് കാട്ടിയാണ് വിശ്രമം അനുവദിക്കാന്‍ താരം ടീം മാനേജ്മെന്റിനോട് അഭ്യര്‍ഥിച്ചതെന്ന് റിപ്പോര്‍ട്ട് ചെയ്തു.

Top