കിം ജോങ് ഉന്നിന്റെ ആരോ​ഗ്യസ്ഥിതി ​ഗുരുതരമെന്ന് റിപ്പോർട്ട്

പോങ്യാങ്: ഉത്തരകൊറിയയുടെ സ്വേച്ഛാധിപതി കിം ജോങ് ഉൻ ആരോഗ്യകരമല്ലാത്ത ജീവിതശൈലി നയിക്കുന്നതായി റിപ്പോർട്ട്. അദ്ദേഹം കൂടുതൽ സമയവും മദ്യപിക്കുകയാണെന്നും ദ മിറർ റിപ്പോർട്ട് ചെയ്തു. ഈ ആഴ്‌ച 39 വയസ്സ് തികയുന്ന ഉന്നിന്റെ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് ഊഹാപോഹങ്ങൾ പരക്കുകയാണ്. വളരെക്കാലമായി പൊതുജനങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയാണ് കിം. അദ്ദേഹത്തിന്റെ മധ്യകാലഘട്ടം പ്രതിസന്ധിയിലാണെന്നും ആരോഗ്യത്തെക്കുറിച്ച് അതീവ ഉത്കണ്ഠയുണ്ടെന്നും മിറർ റിപ്പോർട്ട് ചെയ്തു.

40 വയസ്സിനോടടുത്ത ഉൻ ആരോഗ്യത്തെയും സുരക്ഷയെയും കുറിച്ച് പുതിയ ഉത്കണ്ഠകയിലാണെന്നും ഒരുപാട് മദ്യപിച്ച ശേഷം അദ്ദേഹം കരയുന്നതായി കേട്ടെന്നും സിയോൾ ആസ്ഥാനമായുള്ള ഉത്തര കൊറിയൻ അക്കാദമിക് ഡോ. ചോയി ജിൻ‌വൂക്ക് പറഞ്ഞു. ഉൻ വളരെ ഏകാന്തനാണെന്നും മാനസിക സമ്മർദ്ദത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. ഉത്തരകൊറിയൻ സ്വേച്ഛാധിപതിയോട് ഡോക്ടർമാരും ഭാര്യയും കൂടുതൽ വ്യായാമം ചെയ്യാൻ പറഞ്ഞു. എന്നാൽ അദ്ദേഹം ഇവരെ അനുസരിക്കുന്നില്ല. തന്റെ അനാരോഗ്യ വാർത്തകൾ പുറത്തുവരുന്നതിൽ കിം വളരെയധികം ആശങ്കാകുലനാണെന്നും ആരോ​ഗ്യ വിവരം പുറത്താകുന്നത് തടയാൻ വിദേശ യാത്രകളിൽ സ്വന്തം ടോയ്‌ലറ്റുമായി യാത്ര ചെയ്യുകായണെന്നും റിപ്പോർട്ടിൽ പറയുന്നു.

കിം ജോങ് ഉൻ കഴിഞ്ഞ വർഷത്തെ ആദ്യ പൊതു വേദിയിൽ മകളുടെ കൈകൾ പിടിച്ച് നിൽക്കുന്നതാണ് അവസാനമായി പുറത്തുവന്ന ചിത്രം. എന്നാൽ, കഴിഞ്ഞ വർഷം മിസൈൽ പരീക്ഷണം നടത്തുമ്പോൾ കിമ്മിനൊപ്പം പ്രത്യക്ഷപ്പെട്ട പെൺകുട്ടിയുടെ പേര് മാധ്യമങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെന്ന് കെസിഎൻഎ പറഞ്ഞു.

Top