ഗോതബായ രാജപക്‌സെ ശ്രീലങ്കയിലേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ട്

കൊളംബോ: മുൻ പ്രസിഡന്റ് ഗോതബായ രാജപക്‌സെ ശ്രീലങ്കയിലേക്ക് തിരിച്ചെത്തുമെന്ന് റിപ്പോർട്ട്. സിംഗപ്പൂരിലാണ് അദ്ദേഹം ഇപ്പോൾ ഉള്ളത്. അവിടെ നിന്ന് ഉടൻ രാജ്യത്തേക്ക് മടങ്ങുമെന്ന് കാബിനറ്റ് വക്താവ് ബന്ദുല ഗുണവർധന ചൊവ്വാഴ്ച അറിയിച്ചു. ജനകീയ പ്രതിഷേധത്തിനിനെ തുടര്‍ന്ന് ജൂലൈ 9നാണ് രാജപക്‌സെ ശ്രീലങ്കയിൽ നിന്ന് പലായനം ചെയ്തത്.

ആദ്യം മാലിദ്വീപിലേക്കാണ് രാജപക്സെ പലായനം ചെയ്തത്. അവിടെ നിന്ന് ജൂലൈ 13ന് സിംഗപ്പൂരിലേക്ക് പോവുകയുമായിരുന്നു. പ്രതിവാര കാബിനറ്റിന് ശേഷമുള്ള വാര്‍ത്ത സമ്മേളനത്തിൽ രാജപക്‌സെയെക്കുറിച്ച് ചോദിച്ചപ്പോഴാണ് മുൻ പ്രസിഡന്റ് ഒളിവിലല്ലെന്നും അദ്ദേഹം സിംഗപ്പൂരിൽ നിന്ന് മടങ്ങിയെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി കാബിനറ്റ് വക്താവ് ഗുണവർധന വ്യക്തമാക്കിയത്.

മുൻ പ്രസിഡന്റ് രാജ്യം വിട്ടതായി താൻ വിശ്വസിക്കുന്നില്ലെന്നും, ഒളിവില്‍ അല്ലെന്നും ഗതാഗത, ഹൈവേ, മാധ്യമ കാര്യ മന്ത്രി കൂടിയായ ഗുണവർധന പറഞ്ഞു. രാജപക്‌സെയുടെ തിരിച്ചുവരവിന്റെ മറ്റ് വിവരങ്ങളൊന്നും അദ്ദേഹം നൽകിയില്ല.

ജൂലൈ 14 ന് സ്വകാര്യ സന്ദർശനത്തിനായി സിംഗപ്പൂരില്‍ എത്തിയ ശ്രീലങ്കന്‍ മുൻ പ്രസിഡന്റിന് സിംഗപ്പൂർ 14 ദിവസത്തെ ഹ്രസ്വകാല സന്ദർശന പാസ് അനുവദിച്ചത്. രാജപക്‌സെ അഭയം ചോദിച്ചിട്ടില്ലെന്നും അദ്ദേഹത്തിന് അഭയം നൽകിയിട്ടില്ലെന്നും സിംഗപ്പൂരിലെ വിദേശകാര്യ മന്ത്രാലയ വക്താവ് നേരത്തെ അറിയിച്ചിരുന്നു.

സിംഗപ്പൂരിലേക്ക് എത്തുന്ന ശ്രീലങ്കയിൽ നിന്നുള്ള സന്ദർശകർക്ക് സാധാരണയായി 30 ദിവസം വരെ ദൈർഘ്യമുള്ള ഹ്രസ്വകാല സന്ദർശന പാസ് നൽകുമെന്ന് സിംഗപ്പൂർ ഇമിഗ്രേഷൻ ആൻഡ് ചെക്ക്‌പോയിന്റ് അതോറിറ്റി അറിയിച്ചിട്ടുണ്ട്.

Top