ഗുലാം നബി ആസാദ് കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ട്; നേതാക്കള്‍ കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി: ​ഗുലാം നബി ആസാദ് കോൺ​ഗ്രസിലേക്ക് തിരിച്ചുവരുന്നുവെന്ന് റിപ്പോർട്ട്. കോൺ​ഗ്രസ് നേതാക്കൾ ​ഗുലാം നബി ആസാദുമായി കൂടിക്കാഴ്ച നടത്തിയെന്ന് എഎൻഐ റിപ്പോർട്ട് ചെയ്തു. ഉടൻ പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് സൂചന. പാർട്ടി വിട്ടിട്ട് നാലു മാസം തികഞ്ഞതിന് ശേഷമാണ് കോൺ​ഗ്രസിലെ മുതിർന്ന നേതാവ് കൂടിയായിരുന്ന ​ഗുലാം നബി ആസാദിന്റെ തിരിച്ചുവരവ്.

‘രാഷ്ട്രീയത്തിൽ പലതും സംഭവിക്കും. പക്ഷെ ആസാദ് സാബ് തിരിച്ചെത്തുന്നു എന്നത് ഞങ്ങളെ ശരിക്കും അത്ഭുതപ്പെടുത്തി,’ എന്ന് ഒരു കോൺ​ഗ്രസ് നേതാവ് ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു. ​കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ച് ആയിരുന്നു ​ഗുലാം നബി ആസാദിന്റെ മടക്കം. ​ഗുലാം നബി ആസാദ് കശ്മീർ ആസ്ഥാനമാക്കി ‘ഡെമോക്രാറ്റിക് ആസാദ് പാർട്ടി’ എന്ന പുതിയ പാർട്ടി രൂപീകരിക്കുകയും ചെയ്തു. കശ്മീരിന്റെ സമ്പൂര്‍ണ സംസ്ഥാന പദവി തിരിച്ചുപിടിക്കുകയായണ് പാര്‍ട്ടിയുടെ പ്രധാന അജണ്ടയെന്ന് ഗുലാം നബി പറഞ്ഞിരുന്നു.

ഗുജറാത്തിലും ഹിമാചലിലും കോണ്‍ഗ്രസ് നല്ല പ്രകടനം കാഴ്ചവെക്കണമെന്നാണ് താന്‍ ഇപ്പോഴും ആഗ്രഹിക്കുന്നതെന്ന നല്ല വാക്കുകളുമായി ഗുലാം നബി ആസാദ് രം​ഗത്തെത്തിയിരുന്നു. താൻ കോൺ​ഗ്രസിനെതിരല്ല, പക്ഷെ പാർട്ടിയുടെ ചില നയങ്ങളോട് ആണ് തനിക്ക് എതിർപ്പെന്ന് പാർട്ടി വിട്ടതിന് ശേഷം ​ഗുലാം നബി ആസാദ് പറഞ്ഞിരുന്നു.

ഈ അടുത്ത് ‘ഡെമോക്രാറ്റിക് ആസാദ് പാർട്ടി’യിലെ പൊട്ടിത്തെറികൾ ​ഗുലാം നബി ആസാദിന് ക്ഷീണമുണ്ടാക്കി എന്നാണ് വിലയിരുത്തലുകൾ. പാർട്ടിയിൽ നിന്ന് മൂന്ന് പ്രധാന നേതാക്കളെ പുറത്താക്കിയതില്‍ പ്രതിഷേധിച്ച് നേതാക്കളും പ്രവര്‍ത്തകരും അടക്കം 126 പേര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചിരുന്നു. താരാ ചന്ദ്, ഭല്‍വന്‍ സിങ്, ഡോ മനോഹര്‍ ലാല്‍ ശര്‍മ്മ എന്നിവരെയാണ് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് ഡെമോക്രാറ്റിക് ആസാദ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നത്. ഈ നേതാക്കള്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നായിരുന്നു പുറത്താക്കലിനുളള കാരണം.

ആസാദിനോടുള്ള ദീര്‍ഘകാലത്തെ ബന്ധത്തെ മുന്‍നിര്‍ത്തി കോണ്‍ഗ്രസ് വിട്ട് പുതിയ പാര്‍ട്ടിയില്‍ ചേര്‍ന്നത് വലിയ തെറ്റായെന്ന് താരാ ചന്ദ് പറഞ്ഞിരുന്നു. താന്‍ പാര്‍ട്ടിയില്‍ ചേരുമ്പോള്‍ തന്നോടൊപ്പം വന്നത് 64 പേരാണെങ്കില്‍ പോവുമ്പോള്‍ 126 പേരാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് ഗുണമാവുന്നതിന് വേണ്ടി മതേതര രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നവരെ വിഭജിക്കുന്ന തരത്തിലാണ് ആസാദിന്റെ പ്രവര്‍ത്തനം. ബിജെപിയില്‍ ചേരാനാഗ്രഹിക്കുന്നവര്‍ അങ്ങനെ ചെയ്യുന്നതിന് പകരമാണ് ഇങ്ങനെ ചെയ്യുന്നതെന്നും താരചന്ദ് കുറ്റപ്പെടുത്തിയിരുന്നു.

രാഹുൽ ​ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാൻ ​ഗുലാം നബി ആസാദിനെ ദി​ഗ് വിജയ് സിം​ഗ് ക്ഷണിച്ചുവെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. പാർട്ടിയിലേക്കുളള തിരിച്ചുവരവിനും യാത്രയിൽ പങ്കെടുക്കുന്നതിനും അദ്ദേഹത്തിനൊപ്പമുളള അഖിലേഷ് പ്രസാദ് സിം​ഗും, ഭൂപീന്ദർ സിംഗ് ഹൂഡയും വാദിച്ചുവെന്നും പറയപ്പെടുന്നു. ഹൈക്കമാൻഡിനും ​ഗുലാം നബി ആസാദിനുമിടയിലുളള വിടവ് നികത്താനുള്ള ചുമതല മുതിർന്ന കോൺഗ്രസ് നേതാവ് അംബികാ സോണിയെയാണ് ഏൽപ്പിച്ചിരിക്കുന്നതെന്നാണ് വിവരം.

Top