ചൈന അനധികൃതമായി വിവിധ രാജ്യങ്ങളില്‍ പോലീസ് സ്റ്റേഷനുകള്‍ തുറന്നതായി റിപ്പോര്‍ട്ട്‌

ലോകത്തെ വിവിധ രാജ്യങ്ങളില്‍ ചൈന അനധികൃത പോലീസ് സ്‌റ്റേഷനുകള്‍ തുറന്നതായി റിപ്പോര്‍ട്ട്. കാനഡ, അയര്‍ലന്റ് അടക്കമുള്ള രാജ്യങ്ങളില്‍ ചൈനയുടെ ഇത്തരത്തിലുള്ള ‘അനൗദ്യോഗിക’ പോലീസ് സ്‌റ്റേഷനുകള്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് ‘ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസം റിപ്പോര്‍ട്ടിക’ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചൈനയുടെ പുതിയ നീക്കം മനുഷ്യാവകാശ പ്രവര്‍ത്തകരെ അടക്കം ആശങ്കയിലാഴ്ത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ചൈനയിലെ പബ്ലിക് സെക്യൂരിറ്റി ബ്യൂറോയുമായി ബന്ധമുള്ള പോലീസ് സര്‍വീസ് സ്‌റ്റേഷനുകളാണ് കാനഡയില്‍ സ്ഥാപിച്ചിരിക്കുന്നത്. ഇതില്‍ ഗ്രേറ്റര്‍ ടൊറോന്റോ മേഖലയില്‍ മാത്രം മൂന്ന് സ്‌റ്റേഷനുകളാണുള്ളത്. ചൈനീസ് വിരുദ്ധനീക്കങ്ങളെ നേരിടാനാണ് ഇത്തരത്തിലുള്ള പോലീസ് സര്‍വീസ് സ്‌റ്റേഷനുകള്‍ സ്ഥാപിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഇതിനിടെ ലോകത്തെ 21 രാജ്യങ്ങളില്‍ ഇത്തരത്തിലുള്ള സ്‌റ്റേഷനുകള്‍ തുറന്നിട്ടുണ്ടെന്നാണ് ചൈനയിലെ ഫുജോവു പോലീസിന്റെ പ്രതികരണം. യുക്രൈന്‍, ഫ്രാന്‍സ്, സ്‌പെയിന്‍, ജര്‍മനി, യു.കെ. തുടങ്ങിയ രാജ്യങ്ങളില്‍ ചൈനീസ് പോലീസ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കാനുള്ള ഒരുക്കങ്ങള്‍ നടക്കുന്നുണ്ടെന്നും എന്നാല്‍ ഈ രാജ്യങ്ങളിലെ ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും ചൈനയുടെ നീക്കത്തെ ചോദ്യംചെയ്യുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, ഇത്തരം കേന്ദ്രങ്ങള്‍ തൊഴില്‍ നൈപുണ്യ പരിശീലന കേന്ദ്രങ്ങളാണെന്നാണ് ചൈനയുടെ വിശദീകരണം. തീവ്രവാദനീക്കങ്ങളെ ചെറുക്കാനും ജീവിതനിലവാരം മെച്ചപ്പെടുത്താനും ഇത് ആവശ്യമാണെന്നും ചൈനീസ് അധികൃതര്‍ പറഞ്ഞിരുന്നു.

Top