എറണാകുളം: കൊച്ചിയിലെ ലോഡ്ജില്‍ ഒന്നര മാസം പ്രായമുള്ള കുട്ടി മരിച്ച കേസില്‍ അമ്മയുടെയും പങ്കാളിയുടെയും അറസ്റ്റ് പൊലീസ് ഇന്ന് രേഖപ്പെടുത്തും. കഴിഞ്ഞ ദിവസം രാവിലെയാണ് പിഞ്ചുകുഞ്ഞിനെ മരിച്ച നിലയില്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയെയും പങ്കാളിയെയും എളമക്കര പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്.
തലയോട്ടിക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കുഞ്ഞിന്റെ ശരീരത്തിലെ പരിക്കുകള്‍ കണ്ട ഡോക്ടരാണ് പൊലീസിനെ വിവരം അറിയിക്കുന്നത്. തുടര്‍ന്ന് നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് കൊലപാതകമെന്ന വിവരം പുറത്തറിയുന്നതും. ഇന്ന് പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരുടെ വിശദമായ മൊഴിയെടുത്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്ന് എളമക്കര പൊലീസ് പറഞ്ഞു.
കുട്ടിയുടെ പിതൃത്വത്തെ ചൊല്ലി ഇരുവരും തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ അവസാനിച്ചതെന്നാണ് പ്രാഥമിക വിവരം. കൊലപാതകത്തില്‍ കുഞ്ഞിന്റെ അമ്മയുടെ പങ്ക് പൊലീസ് വിശദമായി പരിശോധിച്ച് വരികയാണ്. ആലപ്പുഴ സ്വദേശിയായ യുവതിയും കണ്ണൂര്‍ സ്വദേശിയായ യുവാവും നിയമപരമായി വിവാഹിതരല്ല. കറുകപ്പിള്ളിയിലെ ലോഡ്ജിലായിരുന്നു കഴിഞ്ഞ കുറച്ച് നാളായി ഇവരുടെ താമസം.