ഫേസ്ബുക്കിന്റെ പേര് മാറുമോ? അടുത്ത ആഴ്ചയോടെ പേരുമാറ്റത്തിന് സാധ്യതയുള്ളതായി റിപ്പോര്‍ട്ട്

zuckerberg

ടെക് ലോകത്തെ ഇപ്പോഴത്തെ ഏറ്റവും പുതിയ സംസാരമാണ് ഫെയ്‌സ്ബുക്കിന്റെ പേരുമാറ്റം സംബന്ധിച്ചു നടക്കുന്നത്. കമ്പനിയെ പേരുമാറ്റി റീബ്രാന്‍ഡ് ചെയ്യാനുള്ള ആലോചന സജീവമാണെന്നും ഇതു സംബന്ധിച്ച പ്രഖ്യാപനം വൈകാതെയുണ്ടാകുമെന്നും വിശ്വസനീയ കേന്ദ്രങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തത് ‘ദ് വെര്‍ജ് ആണ്. അടുത്തയാഴ്ചയോടെ പേരുമാറ്റം ഉണ്ടാകുമെന്നാണ് വെര്‍ജ് ഉറപ്പിച്ചു പറയുന്നത്.

ഈ മാസം 28ന് നടക്കുന്ന കമ്പനിയുടെ വാര്‍ഷിക കോണ്‍ഫറന്‍സില്‍ സംസാരിക്കുമ്പോള്‍ ഇതു സംബന്ധിച്ച പ്രഖ്യാപനം മാര്‍ക് സക്കര്‍ബര്‍ഗ് നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരുപക്ഷേ അതിനു മുന്‍പു തന്നെ കമ്പനിയുടെ പുതിയ പേരിന്റെ പ്രഖ്യാപനം ഉണ്ടായേക്കാമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

ഒരു സോഷ്യല്‍ മീഡിയ കമ്പനി എന്ന നിലയില്‍ നിന്നുള്ള ചുവടുമാറ്റം കൂടി ആഗ്രഹിച്ചാണ് സക്കര്‍ബര്‍ഗ് പുതിയ ബ്രാന്‍ഡിനു കീഴില്‍ ഫെയ്‌സ്ബുക്, ഇന്‍സ്റ്റഗ്രാം, വാട്‌സാപ്, ഒക്യുലസ് അടക്കമുള്ള ഭീമന്‍മാരെ അവതരിപ്പിക്കുക. പുതിയ ബ്രാന്‍ഡിനു കീഴിലുള്ള ഒരു വിഭാഗം മാത്രമാകും ‘നീല നിറത്തിലുള്ള എഫ്’ അക്ഷരം കൊണ്ടു സൂചിപ്പിക്കുന്ന ഫെയ്‌സ്ബുക്. അടുത്തിടെയാണ് ‘ഡിജിറ്റല്‍ മെറ്റാവേഴ്‌സ്’ എന്ന തന്റെ സ്വപ്നം സക്കര്‍ബര്‍ഗ് ലോകത്തെ അറിയിച്ചത്. സമൂഹ മാധ്യമങ്ങളുടെ സഹായത്തോടെ മനുഷ്യര്‍ക്കാവശ്യമായ എല്ലാ കാര്യങ്ങളും നെറ്റ് ലോകത്തു തന്നെ ലഭ്യമാക്കാനുള്ള പദ്ധതിയാണിത്.

ബിസിനസ് ലോകം വിപുലപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഫെയ്‌സ്ബുക്കില്‍ ഭാവി പദ്ധതികള്‍ക്കായി യൂറോപ്പില്‍നിന്നു മാത്രം വരുന്ന അഞ്ചു കൊല്ലം കൊണ്ടു പതിനായിരത്തോളം പേരെ റിക്രൂട് ചെയ്യുമെന്നു കമ്പനി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. സക്കര്‍ബര്‍ഗിന്റെ മറ്റൊരു പദ്ധതിയായ എആര്‍ ഗ്ലാസുകളുടെ നിര്‍മാണ പ്രക്രിയയില്‍ നിലവില്‍ ജോലി ചെയ്യുന്നതും പതിനായിരത്തോളം പേരാണ്.
മൊബൈല്‍ ഫോണ്‍ പോലെ സര്‍വവ്യാപിയാകും ഈ സണ്‍ഗ്ലാസുകള്‍ എന്നാണ് സക്കര്‍ബര്‍ഗിന്റെ പ്രതീക്ഷ. ലോകം ഫെയ്‌സ്ബുക്കിനെ ഒരു സോഷ്യല്‍മീഡിയ കമ്പനി മാത്രമായി കാണുന്നതില്‍ നിന്ന് ഏറെ ദൂരം മുന്നോട്ടു പോകാനുണ്ടെന്ന് സക്കര്‍ബര്‍ഗ് തന്നെ നേരത്തേ പ്രതികരിച്ചിരുന്നു.

ഫെയ്‌സ്ബുക് കമ്പനിയുടെ എആര്‍ – വിആര്‍ (ഓഗ്മെന്റഡ് റിയാലിറ്റി – വിര്‍ച്വല്‍ റിയാലിറ്റി) വിഭാഗം മേധാവിയായിരുന്ന ആന്ദ്രേ ബോസ്‌വര്‍ത്തിനെ ചീഫ് ടെക്‌നോളജി ഓഫിസറായി നിയമിച്ചത് കമ്പനിയുടെ ഭാവി വികസന പദ്ധതികള്‍ മുന്നില്‍ കണ്ടായിരുന്നു. കമ്പനിയുടെ ഭാവിതന്നെ വിര്‍ച്വല്‍ റിയാലിറ്റിയുമായി ബന്ധപ്പെട്ടായിരിക്കുമെന്ന് സക്കര്‍ബര്‍ഗ് തന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ഏറെ പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന കാലത്തു തന്നെ പുതിയ ചുവടുവയ്പിനൊരുങ്ങുകയാണ് ഫെയ്‌സ്ബുക്. അടുത്തിടെ മണിക്കൂറുകള്‍ വെബ് ലോകത്ത് നിന്ന് ഫെയ്‌സ്ബുക്കും വാട്‌സാപ്പും അപ്രത്യക്ഷമായ സംഭവവും കമ്പനിക്കെതിരായി ഉയര്‍ന്ന ആരോപണങ്ങളുമെല്ലാം വരുത്തി വച്ച നഷ്ടങ്ങളെപ്പറ്റിയുള്ള കൃത്യമായ കണക്കുകള്‍ പോലും പുറംലോകത്തിനറിയില്ല.

സമൂഹത്തിന്റെയോ വ്യക്തികളുടെയോ സുരക്ഷയക്കോ സ്വകാര്യതയ്‌ക്കോ അല്‍പം പോലും പ്രാധാന്യം നല്‍കാതെ സ്വന്തം ലാഭത്തിനും താല്‍പര്യങ്ങള്‍ക്കും മാത്രം പ്രാധാന്യം നല്‍കുന്ന കമ്പനിയാണ് ഫെയ്‌സ്ബുക് എന്ന ആരോപണവുമായി മുന്‍ജീവനക്കാരി ഫ്രാന്‍സിസ് ഹൗഗന്‍ തന്നെ രംഗത്തു വന്നതും ഫെയ്‌സ് ബുക്കിന് ഏറെ ക്ഷീണമായി.

കൗമാരക്കാരെ വിഷാദരോഗത്തിന് അടിമകളാക്കി ആത്മഹത്യക്കു പ്രേരിപ്പിക്കാന്‍ ഇന്‍സ്റ്റഗ്രാം കാരണമാകുന്നുണ്ടെന്ന റിപ്പോര്‍ട്ട് വാള്‍സ്ട്രീറ്റ് ജേണല്‍ പുറത്തു വിട്ടതും ഫെയ്‌സ്ബുക്കിനെ ഏറെ ഉലച്ചു. ആരോപണങ്ങളില്‍ നിന്നെല്ലാം കരകയറാനും കമ്പനിക്ക് പുതിയ മുഖം നല്‍കി സാമൂഹിക പ്രതിബദ്ധതയിലൂന്നി പ്രവര്‍ത്തിക്കാനും പേരുമാറ്റം സഹായിക്കുമെന്ന വിശ്വാസം സക്കര്‍ബര്‍ഗിനുണ്ടെങ്കില്‍ ‘ഫെയ്‌സ്ബുക്’ എന്ന നാമം പുതിയ ബ്രാന്‍ഡിനു കീഴിലുള്ള ഒരു ആപ് മാത്രമാകുന്ന കാലവും വിദൂരത്തല്ല.

Top