ജപ്പാൻ കടലിനെ ലക്ഷ്യമിട്ട് ഉത്തര കൊറിയ ക്രൂയിസ് മിസൈലുകൾ തൊടുത്തെന്ന് റിപ്പോ‍ർട്ട്

സോൾ: ജപ്പാൻ കടൽ ലക്ഷ്യമിട്ട് ഉത്തര കൊറിയ ക്രൂയിസ് മിസൈലുകൾ തൊടുത്തുവിട്ടെന്ന് റിപ്പോർട്ട്. ദക്ഷിണ കൊറിയൻ ഏജൻസിയായ യോങ് ഹാപ്പ് ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എത്ര മിസൈലുകൾ വിക്ഷേപിച്ചു എന്നത് വ്യക്തമല്ലെന്നാണ് ദക്ഷിണ കൊറിയൻ ഏജൻസി പറയുന്നത്. അമേരിക്കയും ദക്ഷിണ കൊറിയയും ചേർന്നുള്ള സംയുക്ത സൈനികാഭ്യാസങ്ങൾ പുരോഗമിക്കുന്ന സാഹചര്യത്തിലാണ് ഉത്തര കൊറിയയിൽ നിന്നുള്ള ഈ പുതിയ പ്രകോപനം. ജപ്പാൻ കടൽ ലക്ഷ്യമിട്ട് ക്രൂയിസ് മിസൈലുകൾ തൊടുത്തു എന്നത് ഉത്തര കൊറിയ സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കപ്പെട്ടാൽ അമേരിക്ക അടക്കമുള്ള രാജ്യങ്ങൾ ഇടപെടുമോ എന്നതാണ് കണ്ടറിയേണ്ടത്. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ വരും ദിവസങ്ങൾ ഏറെ നിർണായകമായിരിക്കും.

ഉത്തര കൊറിയയിലെ ഹംഗ്യോങ് പ്രവിശ്യയിൽ നിന്ന് പ്രാദേശിക സമയം രാവിലെ 10:15 നാണ് മിസൈലുകൾ തൊടുത്തുവിട്ടതായി ദക്ഷിണ കൊറിയ പറയുന്നത്. ഇക്കാര്യം ദക്ഷിണ കൊറിയ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് വ്യക്തമാക്കുകയും ചെയ്തു. എത്ര എണ്ണമാണ് പ്രയോഗിച്ചതെന്നും അവ ഏത് തരത്തിലുള്ളതാണെന്നും വ്യക്തമല്ലെന്നാണ് ദക്ഷിണ കൊറിയ പറയുന്നത്. ഇക്കാര്യത്തിൽ ഉത്തര കൊറിയ മറുപടി പറയണമെന്നും ദക്ഷിണ കൊറിയ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ആവശ്യപ്പെട്ടിട്ടുണ്ട്.

ദക്ഷിണ കൊറിയൻ സൈന്യം അതീവ ജാഗ്രതയിലാണെന്നും അദ്ദേഹം വ്യക്തമാക്കി. ദക്ഷിണ കൊറിയൻ – യു എസ് ഇന്റലിജൻസ് അധികൃതർ മിസൈലുകളുടെ വിശദാംശങ്ങൾ വിശകലനം ചെയ്യുന്നുണ്ടെന്നും ദക്ഷിണ കൊറിയ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് അറിയിച്ചു. അതേസമയം ‘ഫ്രീഡം ഷീൽഡ് 23’ എന്ന് പേരിലെ യു എസ് – ദക്ഷിണ കൊറിയ സംയുക്ത സൈനികാഭ്യാസങ്ങൾ പുരോഗമിക്കുകയാണ്. 11 ദിവസത്തെ സംയുക്ത അഭ്യാസങ്ങൾ വ്യാഴാഴ്ച സമാപിക്കാനിരിക്കെയാണ് ഉത്തരകൊറിയക്കെതിരെ ആരോപണവുമായി ദക്ഷിണ കൊറിയ രംഗത്തെത്തിയത്. ഞങ്ങളുടെ ഫ്രീഡം ഷീൽഡ് അഭ്യാസ പ്രകടനങ്ങൾ നേരത്തെ ആസൂത്രണം ചെയ്തതുപോലെ ഞങ്ങൾ വിജയകരമായി പൂർത്തിയാക്കുമെന്നും ആരും പ്രകോപിക്കാൻ നോക്കേണ്ടെന്നും ദക്ഷിണ കൊറിയ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് വ്യക്തമാക്കി.

Top