ഐഫോണില്‍ ഇനിമുതല്‍ മാസ്‌ക് വെച്ചും ഫെയ്‌സ്‌ഐഡി അണ്‍ലോക്ക് ചെയ്യാന്‍ സാധിക്കും

കൊറോണക്കാലം നമുക്ക് സമ്മാനിച്ചത് മാസ്‌കുകളാണ്. മാസ്‌കുകള്‍ നിര്‍ബന്ധിതമാക്കുകയും വൈറസ് വ്യാപനത്തെ അതിജീവിക്കാന്‍ അത് അനിവാര്യമാക്കുകയും ചെയ്തു. സ്മാര്‍ട്ട്‌ഫോണുകളില്‍ ഫേസ്‌ഐഡി ഉപയോഗിക്കുന്നവര്‍ക്കും അതൊരു ശല്യമായി. ലോകമെമ്പാടുമുള്ള ആളുകളില്‍ പ്രത്യേകിച്ച് ആപ്പിള്‍ ഉപയോക്താക്കള്‍ക്ക്, ഫേസ് ഐഡി അല്ലെങ്കില്‍ പാസ്‌കോഡ് ഉപയോഗിച്ച് മാത്രം ഫോണുകള്‍ അണ്‍ലോക്ക് ചെയ്യാന്‍ കഴിയുന്നവരും ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണുകളില്‍ നിന്ന് വ്യത്യസ്തമായി ഒരു ഫിംഗര്‍പ്രിന്റ് സ്‌കാന്‍ പോലും ഇല്ലാത്തവരും ഈ പ്രശ്നം അഭിമുഖീകരിച്ചു. എന്നാല്‍ അതിനൊരു പരിഹാരം കാത്തിരിക്കുന്നവര്‍ക്ക് അതും ഇങ്ങ് എത്തി.

മറ്റു ഫോണുകളെ അപേക്ഷിച്ച് ഐഫോണിന്റെ നൂതന സാങ്കേതികവിദ്യ ഒരുപിടി മുകളില്‍ തന്നെയാണ്. ഐഫോണില്‍ ഇനിമുതല്‍ മാസ്‌ക് വെച്ചും ഫെയ്‌സ്‌ഐഡി ഉപയോഗിച്ച് ഐഫോണ്‍ അണ്‍ലോക്ക് ചെയ്യാന്‍ സാധിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഐഒഎസ് 15.4 ബീറ്റായില്‍ ആണ് മാസ്‌ക് ഉപയോഗിച്ചും ഐഫോണ്‍ അണ്‍ലോക്ക് ചെയ്യാനുള്ള ഫീച്ചര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ പുതിയ ഒഎസ് ഒട്ടും വൈകാതെ തന്നെ എല്ലാ ഉപയോക്താക്കള്‍ക്കും ലഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മാസ്‌ക് ധരിച്ച് ഫെയ്‌സ്ഐഡി ഉപയോഗിക്കുമ്പോള്‍ ഫോണ്‍ അണ്‍ലോക് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ താഴേക്കു നോക്കാന്‍ പറഞ്ഞ് ലുക്ക് ഡൗണ്‍ കമാന്‍ഡ് വരുമെന്നാണ് റിപ്പോര്‍ട്ട്. പ്രത്യേകിച്ചും ഫോണ്‍ ഉപയോഗിക്കുന്ന വ്യക്തി കണ്ണിനേക്കാള്‍ താഴ്ത്തിയാണ് ഫോണ്‍ പിടിച്ചിരിക്കുന്നതെങ്കിലാണ് ഈ മുന്നറിയിപ്പ് ഉപയോക്താവിന് ലഭിക്കുക.

ഐഒഎസ് 15.4ല്‍ വേറെയും നിരവധി ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 37 പുതിയ ഇമോജികളും 75 സ്‌കിന്‍ ടോണ്‍ അഡിഷന്‍സും കൂടാതെ ഷെയര്‍പ്ലേ ഓപ്ഷന്‍ ഇതില്‍ ലഭിക്കും. സിനിമകളും ടിവി ഷോകളും സംഗീതവും മറ്റു മീഡിയയും ഫെയ്സ്ടൈം ഉപയോഗിച്ച് കൂട്ടുകാരുമൊത്ത് ഷെയര്‍ ചെയ്തു കാണുന്ന ഫീച്ചറാണ് ഷെയര്‍പ്ലെ. അതായത് ഗ്രൂപ്പില്‍ ആരെങ്കിലും ഒരു മീഡിയ പ്ലേ ചെയ്യുമ്പോള്‍ അത് ഗ്രൂപ്പിലുളള എല്ലാവര്‍ക്കും ലഭ്യമാകും.

 

Top