രാഷ്ട്രീയ അഭിപ്രായങ്ങളെ സ്വാധീനിക്കുന്ന ഇറാനിയന്‍ സംഘങ്ങള്‍ ഇന്റര്‍നെറ്റില്‍ സജീവമെന്ന് റിപ്പോര്‍ട്ട്

ലോകമെമ്പാടുമുള്ള ഇന്റര്‍നെറ്റ് ഉപയോക്താക്കളെ ലക്ഷ്യംവച്ചു കൊണ്ട് ഇറാനില്‍ നിന്നുള്ള രാഷ്ട്രീയ സ്വാധീന പ്രവര്‍ത്തനം മുന്‍പത്തേതിനേക്കാള്‍ ശക്തമാണെന്ന് റിപ്പോര്‍ട്ട്. 11 വ്യത്യസ്ഥ ഭാഷകളിലായാണ് ഇക്കൂട്ടരുടെ പ്രവര്‍ത്തനം. വിവിധ രാജ്യങ്ങളിലെ പൊതു അഭിപ്രായം നമ്മളറിയാതെ തന്നെ ഉണ്ടാക്കിയെടുക്കുന്നതാണ് രീതി. ഫേസ്ബുക്ക് പോലുള്ള സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇവര്‍ പൊതു സമൂഹത്തെ സ്വാധീനിക്കുന്നത്. നിരവധി വെബ്‌സൈറ്റുകള്‍ ഇതിനായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഫേസ്ബുക്ക് കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു.

ട്വിറ്റര്‍, ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ്, യൂട്യൂബ് തുടങ്ങിയവയില്‍ നിരവധി അക്കൗണ്ടുകളും പത്തോളം വെബ്‌സൈറ്റുകളും ഇത്തരത്തില്‍ ഇറാനില്‍ നിന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് റോയിറ്റേഴ്‌സ് നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

അമേരിക്കന്‍ സൈബര്‍ സുരക്ഷാ വിഭാഗമായ ഫയര്‍ ഐയും ഇസ്രയേലിന്റെ ക്ലിയര്‍ സ്‌കൈയും റോയിറ്റേഴ്‌സിന്റെ കണ്ടെത്തലിനെ ശരിവയ്ക്കുന്നു. പുതുതായി രൂപീകരിച്ച ഐയുവിഎമ്മും സമാനമായ പ്രവര്‍ത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ഇവര്‍ പറയുന്നു. ശരിയായ വിവരങ്ങള്‍ മറച്ച് വച്ചുകൊണ്ട് വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ് ഇവരുടെ രീതി.

എന്നാല്‍ ഇറാനിയന്‍ സര്‍ക്കാര്‍ ഈ ആരോപണങ്ങളെ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ആളുകള്‍ ഉള്‍പ്പെട്ട സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാനും നിയന്ത്രിക്കാനും വലിയ ബുദ്ധിമുട്ടാണ്. ടെക് കമ്പനികള്‍ക്ക് പോലും ഇക്കാര്യത്തില്‍ വലുതായൊന്നും ചെയ്യാനില്ലെന്നതാണ് ഏറ്റവും പ്രയാസം. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലും ഇത്തരത്തില്‍ രാഷ്ട്രീയ സ്വാധീനം വലിയ ചര്‍ച്ചയായിരുന്നു. റഷ്യയാണ് ഇതിനു പിന്നില്‍ എന്നായിരുന്നു വലിയ ആരോപണം.

ഇത്തരം ഇന്റര്‍നെറ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പരിജ്ഞാനം ആവശ്യമില്ലെന്നും കൂടുതല്‍ ആളുകളിലേയ്ക്ക് വിവരങ്ങള്‍ എത്തിക്കുക മാത്രമാണ് ഇതില്‍ പ്രധാനമെന്നും അറ്റ്‌ലാന്റിക് കൗണ്‍സിലിന്റെ ഡിജിറ്റല്‍ ഫോറന്‍സിക് റിസര്‍ച്ചിലെ ഉദ്യോഗസ്ഥന്‍ ബെന്‍ നിമോ പറഞ്ഞു. സാങ്കേതിക രംഗത്ത് ഇത്രയധികം വളര്‍ച്ച കൈവരിച്ചിട്ടുണ്ടെങ്കിലും വര്‍ഷങ്ങളോളം ഇറാനില്‍ നിന്നുള്ള നീക്കം മനസ്സിലാക്കാന്‍ കഴിയാതെ പോയെന്നും അദ്ദേഹം വ്യക്തമാക്കി.

ഇറാനില്‍ നിന്നുള്ള അക്കൗണ്ടുകളും പേജുകളും പരിശോധിക്കുകയാണെന്ന് ഫേസ്ബുക്ക് വക്താവ് ജെ നാന്‍കാരോ പറഞ്ഞു. 486 ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഇതുവരെ പിന്‍വലിച്ചു. 770 അക്കൗണ്ടുകള്‍ക്കെതിരെ നടപടി തുടരുകയാണ്. ഐയുവിഎം ടിവിയുടെ യൂട്യൂബ് ഗൂഗിളും ഇല്ലാതാക്കിയിട്ടുണ്ട്.

Top