report claims ramdev invested in nepal without govt approval

കാഠ്മണ്ഡു: യോഗാ പരിശീലകന്‍ ബാബാ രാംദേവ് ഔദ്യോഗിക അനുമതിയില്ലാതെ നേപ്പാളില്‍ 150 കോടിയിലധികം രൂപയുടെ നിക്ഷേപം നടത്തിയതായി റിപ്പോര്‍ട്ട്. രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി ആയുര്‍വ്വേദ ഗ്രൂപ്പിന്റെ പേരില്‍ നേപ്പാളില്‍ നടത്തിയ നിക്ഷേപമാണ് വിവാദമായിരിക്കുന്നത്.

ഫോറിന്‍ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ടെക്‌നോളജി ട്രാന്‍സ്ഫര്‍ ആക്ട് പ്രകാരം നേപ്പാളില്‍ വിദേശ നിക്ഷേപം നടത്തുന്നതിന് നിക്ഷേപകന്‍ നേപ്പാള്‍ നിക്ഷേപ ബോര്‍ഡിന്റെ അനുമതി വാങ്ങിയിരിക്കണം. എന്നാല്‍ അപ്രകാരമൊരു അനുമതി വാങ്ങാതെയാണ് രാംദേവ് നിക്ഷേപം നടത്തിയിരിക്കുന്നതെന്ന് നേപ്പാള്‍ ദിനപത്രമായ കാന്തിപുര്‍ ഡെയ്‌ലി റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം, നേപ്പാളിലെ നിക്ഷേപം സംബന്ധിച്ച് ഒരു തരത്തിലുള്ള നിയമലംഘനവും നടത്തിയിട്ടില്ലെന്ന് രാംദേവ് പ്രതികരിച്ചു. എല്ലാത്തരത്തിലുള്ള നിയമപരമായ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയാണ് പതഞ്ജലി ഗ്രൂപ്പ് നേപ്പാളില്‍ പ്രവര്‍ത്തിക്കുന്നതെന്ന് രാംദേവ് പ്രസ്താവനയില്‍ വ്യക്തമാക്കി.

അഴിമതിയ്ക്കും കള്ളപ്പണത്തിനും സാമ്പത്തികാപഹരണത്തിനും എതിരായി ജീവിതകാലം മുഴുവന്‍ നിലകൊള്ളുന്ന വ്യക്തിയാണ് താനെന്നും തന്റെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാണെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടുതന്നെ നേപ്പാളിലെ നിക്ഷേപത്തില്‍ ഒരുവിധത്തിലുള്ള നിയമലംഘനവും നടന്നിട്ടിലെന്നും രാംദേവ് പറഞ്ഞു.

പതഞ്ജലി യോഗപീഠ് എന്ന കേന്ദ്രത്തിന് നേപ്പാളില്‍ മുതല്‍മുടക്കുന്നത് നേപ്പാളി വ്യവസായിയായ ഉപേന്ദ്ര മഹാതോ ആണെന്നാണ് രാംദേവ് പറയുന്നത്. അതേസമയം ആയുര്‍വ്വേദ ഫാക്ടറി സ്ഥാപിക്കുന്നതിനായി നേപ്പാളില്‍ 150 കോടി രൂപയുടെ നിക്ഷേപം നടത്തിയതായും ഭാവിയില്‍ 500 കോടി കൂടി നിക്ഷേപിക്കുമെന്നും കഴിഞ്ഞ ആഴ്ച രാംദേവ് പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

Top