Amnesty Report: At least 13,000 hanged in Syrian prison since 2011

ദമാസ്‌കസ്: പതിനായിരത്തിലധികം ആളുകളെ സിറിയന്‍ ഭരണകൂടം തൂക്കിലേറ്റിയതായി ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ട്.

2011 മുതല്‍ 2015 വരെയുള്ള കാലയളവിലെ കണക്കാണ് ആനംസ്റ്റി ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത് . വന്‍തോതില്‍ വധശിക്ഷകള്‍ നടപ്പാക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ മുമ്പും പുറത്തുവന്നിട്ടുണ്ടെങ്കിലും അസദ് ഭരണകൂടം ഈ ആരോപണങ്ങള്‍ നിഷേധിക്കുകയാണ് ഉണ്ടായത്.

ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്. ഭരണകൂടത്തിനെതിരായി ഉയര്‍ന്ന ജനകീയ പ്രക്ഷോഭം ആഭ്യന്തര യുദ്ധത്തിലേക്ക് വഴിമാറിയ കഴിഞ്ഞ നാല് വര്‍ഷക്കാലയളവില്‍ സിറിയന്‍ തലസ്ഥാനമായ ദമസ്‌കസിന് സമീപമുള്ള സൈനിക ജയിലായ സെദ്‌നായ 5000 മുതല്‍ 13000 പേരെയാണ് തൂക്കിലേറ്റിയത്.

സര്‍ക്കാരിനെതിരെ ശബ്ദിച്ച സാധാരണക്കാരാണ് തൂക്കിലേറ്റപ്പെട്ടവര്‍. തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ 20 മുതല്‍ 50 വരെ തടവുകാരെ അവരുടെ സെല്ലുകളില്‍ നിന്ന് കൊണ്ടുപോകും. വേറെ സെല്ലിലേക്ക് മാറ്റുന്നുവെന്ന് തടവുകാരോട് പറയുകയും സെദ്‌നായയില്‍ കൊണ്ടുപോയി തൂക്കിലേറ്റകയും ചെയ്യും.

തൂക്കിലേറ്റിയവരെ ദമസ്‌കസിന് പുറത്ത് കൂട്ടമായി സംസ്‌കരിക്കും. തടവുകാര്‍ വധിക്കപ്പെട്ട വിവരം അവരുടെ കുടുംബങ്ങളെ അറിയിക്കില്ല. 2015 ന് ശേഷവും ആയിരക്കണക്കിന് പേരെ തൂക്കിലേറ്റിയിട്ടുണ്ടാകാം എന്നും ആംനസ്റ്റി ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

ജയില്‍ അധികൃതര്‍, തടവുകാര്‍, മുന്‍ സുരക്ഷ ഉദ്യോഗസ്ഥര്‍, അഭിഭാഷകര്‍ തുടങ്ങി 84 പേരുമായി അഭിമുഖം നടത്തിയാണ് ആംനസ്റ്റി റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

Top