റിസര്‍വ് ബാങ്ക് നിരക്കുകളില്‍ മാറ്റമില്ല; റിപ്പോ 4 ശതമാനമായി തുടരും

മുംബൈ : മുഖ്യ പലിശ നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക്. പണവായ്പ നയ അവലോകന യോഗത്തില്ലാണ് നിരക്കുകളില്‍ ഇത്തവണ മാറ്റംവരുത്തേണ്ടെന്ന് ആര്‍.ബി.ഐ തീരുമാനമെടുത്തത്. പണപ്പെരുപ്പം ഉയര്‍ന്ന തോതില്‍ തുടരുന്നതിനാൽ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പയുടെ പലിശനിരക്കായ റിപ്പോനിരക്ക് 4 ശതമാനമായി തുടരുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു.

മൂന്ന് പുതിയ സ്വതന്ത്രാംഗങ്ങള്‍ ചുമതലയേറ്റ ശേഷം നടന്ന ആദ്യയോഗത്തിലാണ് തീരുമാനം. അംഗങ്ങളെല്ലാവരും നിരക്ക് നാലു ശതമാനത്തില്‍ നിലനിര്‍ത്തുന്നതിന് അനുകൂലമായാണ് വോട്ടു ചെയ്തത്. 6.69 ശതമാനമായിരുന്നു ഓഗസ്റ്റില്‍ പണപ്പെരുപ്പം. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വിതരണ ശൃംഖലയില്‍ തടസ്സമുള്ളതിനാല്‍ വരും മാസങ്ങളിലും വിലക്കയറ്റം കൂടാനാണ് സാധ്യതയെന്ന് യോഗം വിലയിരുത്തി. നിലവിലെ സാഹചര്യത്തില്‍ ഇടക്കാല ലക്ഷ്യമായ 2-6 ശതമാനത്തില്‍ പണപ്പെരുപ്പമെത്തിക്കുകയെന്നത് വെല്ലുവിളിയാണ്. പൊതുവിപണി ഇടപെടലിലൂടെ വിപണിയില്‍ ആവശ്യത്തിന് പണലഭ്യത ഉറപ്പാക്കാന്‍ നേരത്തെയെടുത്ത നടപടികളിലൂടെ കഴിഞ്ഞിട്ടുണ്ടെന്നും യോഗം വിലയിരുത്തി.

ഇതെല്ലാം കണക്കിലെടുത്താണ് നിരക്കില്‍ ഇത്തവണ മാറ്റംവരുത്തേണ്ടെന്ന തീരുമാനത്തിലെത്തിയത്. അതേസമയം 2021ഓടെ പണപ്പെരുപ്പ നിരക്ക് കുറയുമെന്ന് പ്രതീക്ഷിക്കുന്നതായും ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. സെപ്റ്റംബര്‍ 29ന് ചേരേണ്ടിയിരുന്ന യോഗം പുതിയ അംഗങ്ങളുടെ നിയമനം വൈകിയതിനാല്‍ നീണ്ടുപോകുകയായിരുന്നു.

Top