കേരളത്തിൽ വ്യവസായം ബുദ്ധിമുട്ടാണെന്ന്‌ പറയുന്നവർക്ക് മറുപടി; ജോർജ്‌ കുളങ്ങരയുടെ വീഡിയോ പങ്കുവച്ച്‌ മന്ത്രി

കേരളം സംരംഭങ്ങൾക്ക്‌ യോജിച്ച നാടല്ല എന്ന പതിവ്‌ കുപ്രചരണങ്ങൾക്ക്‌ മറുപടിയായി സന്തോഷ്‌ ജോർജ്‌ കുളങ്ങരയുടെ വീഡിയോ. മലപ്പുറം കാക്കഞ്ചേരി കിൻഫ്രാ ഫുഡ്‌ പ്രേസസിങ്‌ യൂണിറ്റിനെക്കുറിച്ച്‌ പങ്കുവച്ച വീഡിയോയാണ്‌ ശ്രദ്ധനേടുന്നത്‌. മന്ത്രി പി രാജീവ്‌ ആണ്‌ ഫെയ്‌സ്‌ബുക്കിലൂടെ വീഡിയോ പങ്കുവച്ചത്‌.

മലപ്പുറം കാക്കഞ്ചേരി കിൻഫ്രാ ഫുഡ്‌ പ്രേസസിങ്‌ യൂണിറ്റിലെ കോഴിക്കോടൻസ്‌ അഗ്രോ ഫുഡ്‌സ്‌ ആൻഡ്‌ എക്‌സ്‌പോർട്ടേഴ്‌സ്‌ പ്രൈവറ്റ്‌ ലിമിറ്റഡിന്റെ വിജയകഥയാണ്‌ സാേന്തോഷ്‌ ജോർജ്‌ കുളങ്ങര പങ്കുവക്കുന്നത്‌. നിരവധി നൂതന വ്യവസായശാലകൾ പ്രവർത്തിക്കുന്ന കിൻഫ്രയുടെ ഒരു പാർക്ക്‌. കേരളം വ്യവസായത്തിന്‌ അനുകൂലമല്ലെന്ന്‌ നമ്മൾ പലപ്പോഴും പരിതപിക്കുമ്പോഴും അത്‌ഭുതകരമായ പ്രവർത്തനങ്ങൾ നടത്തുന്ന നിരവധി പ്രസ്ഥാനങ്ങൾ ഇവിടെയുണ്ടെന്ന്‌ അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.

സഹോദരങ്ങളായ ഹാരിസ്‌, ജാഫർ, ഫൈജു എന്നിവരാണ്‌  കോഴിക്കോടൻസിന്‌ പിറകിൽ. ബനാന ചിപ്‌സ്‌, മിക്‌സ്‌ചർ, കേരള മിക്‌സ്‌ചർ, പൊറോട്ട, ഉന്നക്കായ്‌, പഴം നിറച്ചത്‌ തുടങ്ങി നിരവധി പ്രോഡക്‌ടുകൾ ഇവർക്കുണ്ട്‌. ഇവരുടെ ഉൽപ്പനങ്ങൾ അമേരിക്കയിലെ വമ്പനൊരു കമ്പനി വിതരണത്തിനെടുത്തിരിക്കുന്ന കഥയാണ്‌ പറയാനുള്ളത്‌. കേരളത്തിൽ സംരംഭങ്ങൾ ആരംഭിക്കാനും അത്‌ വിജയിപ്പിക്കാനും വളരെ ബുദ്ധിമുട്ടാണെന്ന്‌ പറയുന്നിടത്താണ്‌ ചെറിയ ചിപ്‌സ്‌ കടയിൽ നിന്നാരംഭിച്ച്‌ ഇന്ന്‌ ലോകത്തിന്റെ വിപണിയിലേക്ക്‌ കേരളത്തിന്റെ വിഭവങ്ങൾ എത്തിക്കുന്ന ഈ സംരംഭകരുടെ കഥ പ്രസക്തമാകുന്നത്‌.

മൂന്ന്‌ സഹോദരന്മാർ ചേർന്ന്‌ കേരളത്തിന്റെ തനതായ ഭക്ഷ്യവിഭവങ്ങൾ ലോകമാർക്കറ്റിലേക്ക്‌ എത്തിച്ചുകൊണ്ടിരിക്കുന്നു. കിൻഫ്രാ ഫുഡ്‌ പ്രേസസിങ്‌ പാർക്കിലെ വലിയൊരു ഫാക്‌ടറിയിലാണ്‌ ഇവരുടെ ഭക്ഷ്യേൽപ്പന്നങ്ങളെല്ലാം ഉൽപ്പാദിപ്പിക്കുന്നത്‌. നാടൻ രീതിയലാണ്‌ എല്ലാം നിർമിക്കുന്നത്‌. പരമാവധി ജീവനക്കാരെ നിയമിച്ച്‌ പരമ്പരാഗത രീതിയിലാണ്‌ എല്ലാം.

വിദേശത്തേക്ക്‌ കയറ്റി അയക്കേണ്ടതുള്ളതുകൊണ്ട്‌ ഗുണനിലവാരത്തിൽ ഒരു വിട്ടുവീഴ്‌ചയ്‌ക്കും ഇവർ തയ്യാറല്ല. അമേരിക്കയിലും യൂറോപ്പിലും കിഴക്കൻ ഏഷ്യയിലുമാണ്‌ പൊറോട്ട കൂടുതൽ കയറ്റി അയക്കുന്നത്‌. പ്രതിഭാശാലികളായ നിരവധി ചെറുപ്പക്കാരെ പ്രചോദിപ്പിക്കുന്ന കഥയാണ്‌ ഇതെന്നും അദ്ദേഹം പറയുന്നു. കേരളത്തിൽ വലിയ വെല്ലുവിളികൾ ഉണ്ടെന്ന്‌ തന്നെയാണ്‌ നമ്മൾ നിരന്തരം ചിന്തിക്കുന്നത്‌. അതുകൊണ്ട്‌ ഒരു സംരംഭവും ആരംഭിക്കരുതെന്നും പലരും ഉപദേശിക്കുന്നതും കേട്ടിട്ടുണ്ട്‌. നിരവധി പ്രതിസന്ധികളെ അതിജീവിച്ച്‌ വിജയം കൊയ്യുന്ന നിരവധി ആളുകളും ഇവിടെയുണ്ട്‌ എന്ന്‌ തെളിയിക്കുന്ന അനേകം സംരംഭങ്ങളിൽ ഒന്നാണിത്‌. കേരളത്തിൽ ഒരു പ്രതീക്ഷയും ഇല്ലെന്ന്‌ കരുതുന്ന ചെറുപ്പക്കാർക്ക്‌ വലിയപ്രചോദനമാകുമെന്നാണ്‌ വിശ്വാസം – സന്തോഷ്‌ ജോർജ്‌ കുളങ്ങര പറയുന്നു.

Top