അഡ്വ. സി.എച്ച് കുഞ്ഞമ്പു എം.എല്‍.എയുടെ സബ്മിഷന് പൊതുമരാമത്ത് മന്ത്രിയുടെ മറുപടി

തിരുവനന്തപുരം: കാസര്‍ഗോഡ് ജില്ലയിലെ പെരിയയില്‍ എയര്‍സ്ട്രിപ്പ് നിര്‍മ്മിക്കുന്നതിന് സര്‍ക്കാര്‍ നേരത്തെ തത്വത്തില്‍ അംഗീകാരം നല്‍കിയിരുന്നു. 18.01.2018 – ന് ബഹു. മുന്‍ സഹകരണവും വിനോദസഞ്ചാരവും ദേവസ്വവും വകുപ്പു മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗതീരുമാനപ്രകാരം ഭൂമി ഏറ്റെടുക്കുന്ന നടപടികള്‍ മുന്നോട്ടുപോകുന്നതിന് ആവശ്യമായ വിശദമായ പ്രൊപ്പോസല്‍ ബി.ആര്‍.ഡി.സി കാസര്‍കോട് ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിച്ചു. ഭൂമി ഏറ്റെടുക്കുന്നതിനായി 28 കോടി രൂപയോളം വരുമെന്ന് ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ടു ചെയ്യുകയുണ്ടായി. എയര്‍ സ്ട്രിപ്പ് പദ്ധതിക്കായി 07.08.2018 -ലെ ഗതാഗത വകുപ്പിന്റെ ഉത്തരവ് പ്രകാരം പ്രിന്‍സിപ്പല്‍ സെക്രട്ടറി (ഏവിയേഷന്‍), ജില്ലാ കളക്ടര്‍ (കാസര്‍ഗോഡ്), മാനേജിങ് ഡയറക്ടര്‍ (ബി.ആര്‍.ഡി.സി) ധനകാര്യ വകുപ്പിന്റെ പ്രതിനിധി, കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് പ്രതിനിധി എന്നിവരെ ഉള്‍പ്പെടുത്തി ഒരു കമ്മിറ്റി രൂപീകരിച്ചു.

ഗതാഗത വകുപ്പ് നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം മംഗലാപുരം, കണ്ണൂര്‍ എന്നിവിടങ്ങളില്‍ വിമാനത്താവളങ്ങള്‍ ഉള്ളതിനാലും ,നിര്‍ദ്ദിഷ്ട പദ്ധതി നടപ്പിലാക്കാനുദ്ദേശിക്കുന്ന ഭൂമി കുന്നിന്‍മുകളില്‍ ആയതിനാലും പൂര്‍ണതോതിലുള്ള വിമാനത്താവളം നടപ്പിലാക്കുക എന്നത് പ്രായോഗികമല്ല എന്ന് കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രാലയം അറിയിക്കുകയുണ്ടായി. ഈ സാഹചര്യത്തില്‍ 8മുതല്‍ 10 സീറ്റ് വരെയുള്ള ഒറ്റ എന്‍ജിന്‍ (Air Van) വിമാനങ്ങള്‍ ഉപയോഗിച്ച് കേരളത്തിലെ 9 പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളെ ബന്ധിപ്പിച്ചു കൊണ്ടുള്ള ചെറുവിമാന സര്‍വീസുകള്‍ നടത്തുന്നതിനുള്ള പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്.

ആദ്യപടിയായി ബേക്കല്‍, വയനാട്, ഇടുക്കി എന്നിവിടങ്ങളില്‍ പദ്ധതി നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിന് ഏകദേശം 1400 മീറ്റര്‍ ദൈര്‍ഘ്യമുള്ള റണ്‍വേ മതിയാകും. ഈ പദ്ധതിക്ക് കാസര്‍ഗോഡ് ജില്ലയിലെ ഹോസ്ദുര്‍ഗ് താലൂക്കില്‍ പെരിയ വില്ലേജില്‍ 80 ഏക്കര്‍ ഭൂമി കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 54 ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയും 26 ഏക്കര്‍ സ്വകാര്യ ഭൂമിയാണ്. ഇലക്ട്രോണിക്‌സ് ടോട്ടല്‍ സ്റ്റേഷന്‍ (ETS) സര്‍വ്വേ പൂര്‍ത്തീകരിച്ചു. കൂടാതെ സാമൂഹ്യ ആഘാത പഠനവും പൂര്‍ത്തിയായിട്ടുണ്ട്. ഈ പദ്ധതിയുടെ എല്ലാ പ്രായോഗിക വശങ്ങളും പരിശോധിച്ച് റിപ്പോര്‍ട്ട് ലഭ്യമാക്കുവാന്‍ നിയോഗിച്ച ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അധ്യക്ഷനായ സമിതി, നിര്‍ദ്ദിഷ്ട എയര്‍ സ്ട്രിപ്പിനായി ബേക്കലില്‍ തിരഞ്ഞെടുത്തിരിക്കുന്ന ഭൂമി ഈ ആവശ്യത്തിന് ഉതക്കുന്നതാണോ എന്നത് സംബന്ധിച്ച റിപ്പോര്‍ട്ട് ലഭ്യമാക്കുവാന്‍ മഹീന്ദ്ര ഗ്രൂപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കൂടാതെ കേന്ദ്ര വ്യോമയാന മന്ത്രാലയം ആവശ്യപ്പെട്ട മറ്റ് വിശദാംശങ്ങള്‍ ലഭ്യമാക്കുന്നതിനായി ഗതാഗത വകുപ്പ് കാസര്‍ഗോഡ് ജില്ലാ കളക്ടറോട് നിര്‍ദ്ദേശിക്കുകയും ചെയ്തു. ഇവ ലഭ്യമാക്കുന്ന മുറക്ക് വിശദമായ പരിശോധനകള്‍ക്ക് ശേഷം സാധ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതാണ്. നിലവിലെ സാഹചര്യത്തില്‍ ബി.ആര്‍.ഡി.സി – യെ നിര്‍ദ്ദിഷ്ട എയര്‍ സ്ട്രിപ്പ് പദ്ധതിയുടെ നോഡല്‍ ഏജന്‍സിയായി നിയമിക്കാവുന്നതാണോ എന്ന വിഷയത്തില്‍ ഗതാഗത വകുപ്പുമായി വിശദമായ ചര്‍ച്ചകള്‍ നടത്തിയതിനുശേഷം തീരുമാനം എടുക്കുന്നതാണ്.

 

Top