മോദിക്ക് പകരം ഗഡ്കരിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആര്‍എസ്എസിന് കത്ത്

Narendra Modi

ന്യൂഡല്‍ഹി : 2019 ല്‍ ബിജെപി വീണ്ടും അധികാരത്തിലെത്തണമെങ്കില്‍ നരേന്ദ്രമോദിക്ക് പകരം നിതിന്‍ ഗഡ്കരിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യവുമായി ആര്‍എസ്എസിന് മഹാരാഷ്ട്രയിലെ കര്‍ഷക നേതാവിന്റെ കത്ത്.

മഹാരാഷ്ട്ര കര്‍ഷക സമിതിയായ വസന്ത്റാവു നായിക് ഷെതി സ്വാവലംബന്‍ മിഷന്‍ ചെയര്‍മാന്‍ കിഷോര്‍ തിവാരിയാണ് ഗഡ്കരിയെ പ്രധാനമന്ത്രിയാക്കണമെന്ന ആവശ്യവുമായി ആര്‍എസ്എസിനെ സമീപിച്ചത്.

ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്, സര്‍കാര്യവാഹ് ഭയ്യാജി സുരേഷ് ജോഷി എന്നിവരെ അഭിസംബോധന ചെയ്താണ് കത്ത്. മഹാരാഷ്ട്ര, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ ബിജെപി അധികാരത്തില്‍ നിന്ന് പുറത്തുപോയത് ധിക്കാരിയായ നേതാവ് മൂലമാണ്. നോട്ട് അസാധുവാക്കല്‍, ജിഎസ്ടി, ഇന്ധനവില വര്‍ധന തുടങ്ങിയ ജനവിരുദ്ധ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിച്ചതാണ് പരാജയത്തിന് കാരണമെന്നും കത്തില്‍ പറയുന്നുണ്ട്.

മോദിയുടെയും അമിത് ഷായുടെയും ഏകാധിപത്യ മനോഭാവം രാജ്യത്ത് ഭയം വിതയ്ക്കുന്നുവെന്നും ഇവര്‍ക്ക് പകരം മറ്റുള്ളവര്‍ക്ക് സ്വീകാര്യനായ നിതിന്‍ ഗഡ്കരിയെപ്പോലെയുള്ള നേതാക്കളെ കൊണ്ടുവരണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Top