കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തിയാല്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് പുനഃപരിശോധിക്കും: ദിഗ്വിജയ് സിങ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തിയാല്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് പുനഃപരിശോധിക്കുമെന്ന് മുതിര്‍ന്ന നേതാവ് ദിഗ്വിജയ് സിങ്. ക്ലബ് ഹൗസ് ചര്‍ച്ചയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പാകിസ്താനില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകന്‍ ഷഹ്‌സേബ് ജിലാനി കൂടി പങ്കെടുത്ത ക്ലബ് ഹൗസ് ചര്‍ച്ചയായിരുന്നു ഇത്. കോണ്‍ഗ്രസ് അധികാരത്തില്‍ വരികയാണെങ്കില്‍ ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന 370-ാം ആര്‍ട്ടിക്കിള്‍ റദ്ദാക്കിയത് പുനഃപരിശോധിക്കും എന്നാണ് സിങ് പറഞ്ഞത്.

ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിനെ കടന്നുവിമര്‍ശിക്കാനും അദ്ദേഹം തയ്യാറായി. 370-ാം ആര്‍ട്ടിക്കിള്‍ റദ്ദാക്കിയപ്പോള്‍ കശ്മീരില്‍ ജനാധിപത്യം ഉണ്ടായിരുന്നില്ല. അവിടെ എല്ലാവരെയും തടവിലാക്കിക്കൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ അത്തരമൊരു നടപടിയിലേക്ക് കടന്നത്.

ഹിന്ദു രാജാവ് ഭരിച്ചിരുന്ന മുസ്ലിം ഭൂരിപക്ഷ പ്രദേശമായിരുന്നു കശ്മീര്‍. എന്നാല്‍ അവിടെ സഹവര്‍ത്തിത്വമുണ്ടായിരുന്നു. അത് തകര്‍ക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിച്ചതെന്നും ദിഗ്വിജയ് സിങ് പറഞ്ഞു.

ദിഗ്വിജയ് സിങ്ങിന്റെ പ്രസ്താവന കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. അതേസമയം ബി.ജെ.പി. വിമര്‍ശനവുമായി രംഗത്തുവരികയും ചെയ്തു.

 

Top