‘ഈ പൗരത്വ നിയമം നമുക്ക് വേണ്ട’; നിയമം പിന്‍വലിക്കണമെന്ന് കേന്ദ്രത്തോട് ക്യാപ്റ്റന്‍

ഭേദഗതി വരുത്തിയ പൗരത്വ നിയമം പിന്‍വലിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാന്‍ പറ്റാവുന്നതെല്ലാം ചെയ്യണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിയോടും, ഡല്‍ഹി മുഖ്യമന്ത്രിയോടും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിഷേധങ്ങള്‍ അക്രമാസക്തമായതോടെയാണ് രാജ്യം ആശങ്കയിലേക്ക് നീങ്ങുന്നത്.

ഡല്‍ഹി ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്‌സിറ്റിക്ക് സമീപം ന്യൂ ഫ്രണ്ട്‌സ് കോളനിയില്‍ പോലീസുമായി ഏറ്റുമുട്ടിയ പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ക്ക് തീയിട്ടിരുന്നു. അക്രമസംഭവങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കും പോലീസിനും പരുക്കേറ്റു. ‘സിഎബി പ്രതിഷേധങ്ങളുടെ ഭാഗമായി ഡല്‍ഹിയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന റിപ്പോര്‍ട്ടുകളില്‍ ആശങ്കയുണ്ട്. ആഭ്യന്തര മന്ത്രി അമിത് ഷാ, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ എന്നിവര്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകാതെ ശ്രദ്ധിക്കണം’, സിംഗ് ട്വീറ്റ് ചെയ്തു.

വിവാദമായ പൗരത്വ നിയമം റദ്ദാക്കണമെന്നാണ് നരേന്ദ്ര മോദി സര്‍ക്കാരിനോട് പഞ്ചാബ് മുഖ്യമന്ത്രി ആവശ്യപ്പെടുന്നത്. ഇന്ത്യയുടെ മതതേര സ്വഭാവത്തിന് നേര്‍ക്കുള്ള കടന്നാക്രമണമാണ് പൗരത്വ ഭേദഗതി ബില്ലെന്ന് അമരീന്ദര്‍ സിംഗ് കൂട്ടിച്ചേര്‍ത്തു, ഭരണഘടനയും, അടിസ്ഥാന മൂല്യങ്ങളും ലംഘിക്കുന്ന നിയമം പാസാക്കാന്‍ പാര്‍ലമെന്റിന് യാതൊരു അധികാരവുമില്ലെന്നും സിംഗ് പറഞ്ഞു.

രാജ്യത്തെ ജനങ്ങളെ മതത്തിന്റെ അതിര്‍ത്തിയില്‍ നിര്‍ത്തി ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന നിയമങ്ങള്‍ നിയമവിരുദ്ധവും, സദാചാരവിരുദ്ധവുമാണ്, ഇത് നിലനില്‍ക്കുന്നത് അനുവദിക്കാന്‍ കഴിയില്ല, പഞ്ചാബ് മുഖ്യമന്ത്രി വിശദീകരിച്ചു.

Top