കൊച്ചിയില്‍ പൊട്ടിയ പൈപ്പിന്റെ അറ്റകുറ്റപണികള്‍ പൂര്‍ത്തിയായി; ജലവിതരണം വൈകിട്ടോടെ പുനഃസ്ഥാപിക്കും

കൊച്ചി: തമ്മനത്ത് പൊട്ടിയ കുടിവെള്ള പൈപ്പിന്റെ അറ്റകുറ്റപണികള്‍ പൂര്‍ത്തിയായി. ജലവിതരണം വൈകിട്ടോടെ പുനഃസ്ഥാപിക്കാനാകുമെന്ന് ജല അതോറിറ്റി അറിയിച്ചു. ജലവിതരണം പുനഃസ്ഥാപിക്കാനുള്ള പ്രവര്‍ത്തങ്ങള്‍ തുടങ്ങി. ഉച്ചയോടെ ആലുവയില്‍ നിന്ന് പമ്പിങ് ആരംഭിക്കും. തമ്മനത്ത് ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് ലൈന്‍ പൊട്ടിയതോടെയാണ് ജലവിതരണം മുടങ്ങിയത്. പാലാരിവട്ടം – തമ്മനം റോഡില്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആലുവയില്‍ നിന്ന് നഗരത്തിലേക്ക് ജലം എത്തിക്കുന്ന പൈപ്പാണ് വീണ്ടും തകര്‍ന്നത്.

മാസങ്ങള്‍ക്ക് മുന്‍പാണ് ഇതേ പൈപ്പ് ലൈനില്‍ പൊട്ടലുണ്ടായി ദിവസങ്ങളോളം കുടിവെള്ളം തടസ്സപ്പെട്ടത്. തമ്മനം, ഇടപ്പള്ളി, പാലാരിവട്ടം, കല്ലൂര്‍, വെണ്ണല, ചളിക്കവട്ടം, പൊന്നുരുന്നി, തുടങ്ങി 17 ഡിവിഷനുകളിലാണ് ജലവിതരണം മുടങ്ങിയത്. പൈപ്പ് ലൈന്‍ പൊട്ടിയ ഭാഗത്തെ റോഡ് പൂര്‍ണമായും ഇടിഞ്ഞ് താഴ്ന്നതിനാല്‍ ഗതാഗത നിയന്ത്രണവും ഉണ്ട്. വര്‍ഷങ്ങള്‍ പഴക്കമുള്ള പൈപ്പുകള്‍ മാറ്റാത്തതാണ് തുടര്‍ച്ചയായി പൈപ്പ് ലൈനില്‍ പൊട്ടലുകള്‍ ഉണ്ടാവാന്‍ കാരണമായി നാട്ടുകാര്‍ പറയുന്നത്. പൈപ്പ് ലൈനിലേക്ക് വെള്ളം പമ്പ് ചെയ്യുന്ന പ്രഷര്‍ കൃത്യമാണോ എന്ന് പരിശോധിക്കണമെന്ന ആവശ്യവും നാട്ടുകാര്‍ ഉന്നയിച്ചു.

Top