പാര്‍ലമെന്ററി സമിതി പുനസംഘടന; പ്രതിപക്ഷത്തിന് പ്രാധിനിധ്യം ലഭിച്ചില്ലെന്ന് യെച്ചൂരി

yechuri

ന്യൂഡല്‍ഹി: പാര്‍ലമെന്ററി സമിതിയുടെ പുനസംഘടനയില്‍ പ്രതിപക്ഷത്തിന് ശക്തമായ പ്രാതിനിധ്യം ലഭിച്ചില്ലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. അധ്യക്ഷസ്ഥാനം പ്രതിപക്ഷപാര്‍ട്ടികള്‍ക്ക് നിഷേധിച്ചത് കീഴ്വഴക്കം അട്ടിമറിക്കലാണെന്നും അദ്ദേഹം പ്രതികരിച്ചു.

അംഗസംഖ്യ നോക്കിയല്ല പദവികള്‍ നല്‍കിയതെന്നും സര്‍ക്കാര്‍ പ്രതിപക്ഷത്തെ അകറ്റി നിര്‍ത്താന്‍ ശ്രമിക്കുന്നുവെന്നും യെച്ചൂരി കുറ്റപ്പെടുത്തി. പാര്‍ലമെന്റിന്റെ വിവിധ സമിതികളിലെ അംഗങ്ങളെ നിശ്ചയിച്ചു കഴിഞ്ഞപ്പോള്‍ പ്രതിപക്ഷത്തിന് പ്രധാന സമിതികളിലൊന്നും ശക്തമായ പ്രാതിനിധ്യം ലഭിച്ചിട്ടില്ല. ധന, വിദേശകാര്യ സമിതികളുടെ അധ്യക്ഷപദം ബിജെപിക്ക് തന്നെയാണ്. കോണ്‍ഗ്രസ് എംപി ശശി തരൂരിന് ഐടി സമിതി അധ്യക്ഷസ്ഥാനം നല്‍കിയിട്ടുണ്ട്. നേരത്തെ വിദേശകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷനായിരുന്നു ശശി തരൂര്‍. ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ സ്ഥാനവും നേരത്തെ കോണ്‍ഗ്രസിനായിരുന്നു.

രാജ്യസഭാ എംപി സുരേഷ് ഗോപിയും ഐടി സമിതിയില്‍ അംഗമാണ്. ജയറാം രമേശിനെ ശാസ്ത്ര സാങ്കേതിക വിദ്യ സമിതിയുടെ അധ്യക്ഷനാക്കിയിട്ടുണ്ട്. ഇ.ടി മുഹമ്മദ് ബഷീറും, ബിനോയ് വിശ്വവും ഈ സമിതിയില്‍ അംഗങ്ങളാണ്.

Top