‘പെണ്ണാണ് കേൾക്കുന്നത് അഭിമാനം, വെറും പെണ്ണെന്ന് പറയുന്നിടത്ത് പ്രതിഷേധം’; വനിതാ ദിനത്തിൽ രേണുരാജ്

കൊച്ചി: വനിതാ ദിന ആശംസകൾ നേർന്ന് എറണാകുളം കലക്ടർ രേണുരാജ്. സ്ഥലം മാറ്റത്തിന് പിന്നാലെയാണ് ഫേസ്ബുക്കിൽ ആശംസ പോസ്റ്റിട്ടത്. നീ പെണ്ണാണ് എന്ന് കേൾക്കുന്നത് അഭിമാനമാണ്. നീ വെറും പെണ്ണാണ് എന്ന് പറയുന്നിടത്താണ് പ്രതിഷേധമെന്ന് രേണുരാജ് ഫേസ്ബുക്കിൽ കുറിച്ചു. രേണുരാജിനെ എറണാകുളം കലക്ടർ സ്ഥാനത്തുനിന്ന് മാറ്റി വയനാട്ടിൽ നിയമിച്ച് ബുധനാഴ്ചയാണ് ഉത്തരവിറങ്ങിയത്. ഐഎഎസ് തലപ്പത്ത് അഴിച്ചു പണിയുടെ ഭാ​ഗമായിരുന്നു സ്ഥലം മാറ്റം. വിവിധ ജില്ലകളിലെ കളക്ടര്‍മാരെ സ്ഥലംമാറ്റി. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായ എൻ.എസ്.കെ ഉമേഷ് ആണ് പുതിയ എറണാകുളം കളക്ടര്‍. ബ്രഹ്മപുരം മാലിന്യപ്രശ്നം രൂക്ഷമായി തുടരുന്നതിനിടെയാണ് എറണാകുളം കളക്ടറുടെ മാറ്റം എന്നതും ശ്രദ്ധേയമാണ്.

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ബ്രഹ്മപുരത്തേക്ക് കൊണ്ടുപോകാന്‍ അനുവദിക്കേണ്ടതില്ലെന്ന് തീ പിടുത്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച അടിയന്തര ഉന്നതതലയോഗത്തില്‍ തീരുമാനം. യോ​ഗത്തിൽ ജില്ലാ ഭരണകൂടം സ്വീകരിച്ച നടപടികള്‍ കലക്ടര്‍ രേണു രാജ് വിശദീകരിച്ചു. മാർച്ച് 2 ന് വൈകുന്നേരം 4.30 നാണ് ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ തീപിടുത്തം റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഉടൻ തന്നെ ഫയർ ഫോഴ്സ്, പൊലീസ് യൂണിറ്റുകൾ സ്ഥലത്തെത്തുകയും തീയണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തു. മാലിന്യത്തിന്‍റെ രാസവിഘടന പ്രക്രിയ നടക്കുന്നത് മൂലം ബഹിർഗമിക്കുന്ന ചൂട് മൂലമുണ്ടാകുന്ന സ്‌മോൾഡറിങ് ആണ് പ്രധാനമായും പ്ലാന്റിൽ ഉണ്ടായത്. സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവുമുണ്ട്. ഇത് തീപിടുത്തത്തിന്റെ ആക്കം കൂട്ടി. തീപിടുത്തം നിയന്ത്രണ വിധേയമാക്കാൻ അഗ്നിശമന രക്ഷ സേനയുടെ ശ്രമങ്ങൾക്ക് പുറമെ നേവി, വായു സേനയുൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളുടെയും സഹായം ലഭ്യമാക്കി.

Top