സബ്കളക്ടറെ അപമാനിച്ച സംഭവം; എസ്.രാജേന്ദ്രനെതിരെ അച്ചടക്ക നടപടി

തിരുവനന്തപുരം: സബ്കളക്ടറെ അപമാനിച്ച സംഭവത്തില്‍ ദേവികുളം എംഎല്‍എ എസ്.രാജേന്ദ്രനെതിരെ അച്ചടക്ക നടപടി സ്വീകരിച്ച് കോടിയേരി ബാലകൃഷ്ണൻ. പരസ്യപ്രതികരണങ്ങൾക്ക് എംഎൽഎയ്ക്ക് വിലക്കേർപ്പെടുത്തുകയും ചെയ്തു.

കൂടാതെ, സബ് കളക്ടര്‍ രേണു രാജിനെതിരെ മോശമായി സംസാരിച്ച സംഭവത്തില്‍ എസ് രാജേന്ദ്രന്‍ എംഎല്‍എയ്‌ക്കെതിരെ സംസ്ഥാന വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തിരുന്നു.

എന്നാല്‍, സംഭവത്തില്‍ എസ് രാജേന്ദ്രന്‍ എംഎല്‍എ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. തന്റെ പരാമര്‍ശം സ്ത്രീസമൂഹത്തെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഖേദിക്കുന്നു എന്നാണ് എസ് രാജേന്ദ്രന്‍ പ്രതികരിച്ചത്.

വീട്ടില്‍ ഭാര്യയേയും മക്കളേയും ‘അവള്‍’ എന്ന് വിളിക്കുക പതിവാണ്. അതു പോലെ തന്നെയാണ് സബ് കളക്ടര്‍ രേണുരാജിനെയും വിളിച്ചത്. താന്‍ ബഹുമാനത്തോടെയാണ് അവളെന്ന് വിളിക്കുന്നത്. ചെറിയ കുട്ടിയാണ് സബ് കളക്ടര്‍. അതുകൊണ്ട് അങ്ങനെ വിളിക്കുന്നതില്‍ തെറ്റില്ലെന്നാണ് കരുതുന്നത്. തന്റെ പരാമര്‍ശം സ്ത്രീസമൂഹത്തെ വേദനപ്പിച്ചിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു, എസ്. രാജേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം, മൂന്നാര്‍ ഭൂമി വിവാദത്തില്‍ കര്‍ശനമായ നിലപാട് എടുത്ത സബ്കളക്ടര്‍ രേണു രാജിന് പിന്തുണ അറിയിച്ച് ഇടുക്കി ജില്ലാ കളക്ടറും ഐഎഎസ് അസോസിയേഷനും രംഗത്തെത്തിയിരുന്നു. പഞ്ചായത്തിന്റെ കെട്ടിട നിര്‍മ്മാണം നിയമങ്ങള്‍ ലംഘിച്ച് തന്നെയാണെന്നും സബ്കളക്ടര്‍ രേണു രാജിനെ എംഎല്‍എ ശകാരിച്ചുവെന്നും ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

ബുധനാഴ്ച ചേര്‍ന്ന അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് യോഗമാണ് രേണുരാജിന് പൂര്‍ണ പിന്തുണ നല്‍കാന്‍ തീരുമാനിച്ചത്. മൂന്നാറിലെ മുതിരപ്പുഴയാറിലെ പഞ്ചായത്തിന്റെ കെട്ടിട നിര്‍മ്മാണത്തിനെതിരെയുള്ള സബ്കളക്ടറുടെ നിലപാടിന് സംസ്ഥാന വ്യാപകമായ പിന്തുണയും പ്രശംസയും ലഭിക്കുന്നതിനിടെയാണ് അസോസിയേഷനും പിന്തുണ അറിയിച്ചത്.

എസ്. രാജേന്ദ്രന് തിരിച്ചടി നല്‍കി കഴിഞ്ഞ ദിവസം തന്നെ മൂന്നാറിലെ പഞ്ചായത്തിന്റെ കെട്ടിട നിര്‍മ്മാണം ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. മൂന്നാറിലെ സിപിഐ നേതാവ് ഔസേപ്പ് നല്‍കിയ ഹര്‍ജിയിലാണ് നടപടി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് സ്റ്റേ ചെയ്തിരിക്കുന്നത്. സര്‍ക്കാരിന്റെ ഉപഹര്‍ജിയും ഔസേപ്പിന്റെ ഹര്‍ജിയും ഇനി ഒരുമിച്ച് പരിഗണിക്കും.

Top