ഇടുക്കി: തന്നെ അവഹേളിക്കുന്ന തരത്തില്‍ പ്രസ്താവന നടത്തിയ എസ്.രാജേന്ദ്രന് എംഎല്‍എയ്ക്കെതിരെ ദേവികുളം സബ്കളക്ടര്‍ രേണുരാജ് റിപ്പോര്‍ട്ട് നല്കി. ചീഫ് സെക്രട്ടറിക്കും റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കുമാണ് റിപ്പോര്‍ട്ട് നല്‍കിയത്. എംഎല്‍എയുടേത് ഔദ്യോഗിക കൃത്യനിര്‍വഹണത്തെ തടസപ്പെടുത്തുന്ന നടപടിയാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച പരിശോധന നടത്തിയതിനു പിന്നാലെയാണ് സബ് കളക്ടര്‍ക്ക് നേരെ എംഎല്‍എ വിമര്‍ശനമുന്നയിച്ചത്. പൊതുജന മധ്യത്തില്‍ അവഹേളിക്കുന്ന തരത്തില്‍ എംഎല്‍എ തന്നെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങളെക്കുറിച്ച് അറിയുന്നത് മാധ്യമങ്ങളിലൂടെയാണെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്താനും എംഎല്‍എ ശ്രമിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. എംഎല്‍എ കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്ന കാര്യം നേരത്തെ ഹൈക്കോടതിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും ദേവികുളം സബ് കളക്ടര്‍ പരാമര്‍ശിച്ചിരുന്നു. ഇതിന്റെ വിശദാംശങ്ങളാണ് ഇപ്പോള്‍ ചീഫ് സെക്രട്ടറിക്ക് നല്കിയ റിപ്പോര്‍ട്ടിലും പറഞ്ഞിരിക്കുന്നത്.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് എന്‍ഒസി നല്‍കേണ്ടത് റവന്യൂ വകുപ്പാണെന്നും ഇക്കാര്യങ്ങള്‍ കൂടി കണക്കിലെടുത്താണ് താന്‍ വിഷയത്തില്‍ നടപടി സ്വീകരിച്ചതെന്നും രേണുരാജ് നല്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.