വാടക കരാര്‍ രജിസ്റ്റര്‍ ചെയ്യല്‍; സൗദി അറേബ്യയിലെ കമ്പനികള്‍ നടപടി ആരംഭിച്ചു

റിയാദ്:വിദേശികളുടെ ഇഖാമ പുതുക്കുന്നതിന് മുന്നോടിയായി വാടക കരാര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് സൗദി അറേബ്യയിലെ കമ്പനികള്‍ നടപടി ആരംഭിച്ചു. ഇഖാമ പുതുക്കാന്‍ ഈജാര്‍ നെറ്റ്‌വര്‍ക്കില്‍ രജിസ്റ്റര്‍ ചെയ്ത പാര്‍പ്പിട വാടക കരാര്‍ ഉണ്ടായിരിക്കണമെന്ന വ്യവസ്ഥ സെപ്റ്റംബര്‍ മുതലാണ് പ്രാബല്യത്തിലാവുന്നത്. നിശ്ചിത സമയത്തിനുള്ളില്‍ നടപടി പൂര്‍ത്തായാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിഴ അടക്കേണ്ടി വരും.

തൊഴില്‍ സാമൂഹിക മന്ത്രാലയവും പാര്‍പ്പിട കാര്യമന്ത്രാലയവുമാണ് ഇഖാമയും വാടക കരാറും ബന്ധിപ്പിക്കാന്‍ ധാരണയില്‍ എത്തിയത്. രജിസ്‌ട്രേഷന്‍ നടപടികള്‍ ത്വരിത ഗതിയിലാക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.

ബലി പെരുന്നാള്‍ അവധിയടക്കം നാലാഴ്ച്ചയാണ് സമയം അനുവദിച്ചിരിക്കുന്നത്. കമ്പനിക്ക് കീഴിലല്ലാതെ ഉടമകളില്‍ നിന്ന് നേരിട്ട് മുറിയെടുത്ത് താമസിക്കുന്നവര്‍ ഉടമയുമായി ബന്ധപ്പെടണം. ശേഷം അംഗീകൃത റിയല്‍ എസ്‌റ്റേറ്റ് ഓഫീസുകള്‍ വഴി ഈജാറില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയിരിക്കണം.

അംഗീകൃത റിയല്‍ എസ്‌റ്റേറ്റ് ഓഫീസ് നടത്തിപ്പുകാരനോ ജീവനക്കാരനോ ആയ കെട്ടിട ഉടമകള്‍ക്ക് മാത്രമേ ഈജാറില്‍ രജിസ്റ്റര്‍ ചെയ്യാനാവുകയുള്ളൂ. വാടകക്കാരന് ഈജാറില്‍ രജിസ്റ്റര്‍ ചെയ്യാനുമാവില്ല. അതായത് വ്യക്തികളുടെ ഭാഗം അവര്‍ നേരിട്ട് പൂര്‍ത്തിയാക്കണമെന്നാണ് ചുരുക്കം. റിയല്‍ എസ്‌റ്റേറ്റ് മേഖല സുതാര്യമാക്കുന്നതിന്റെ ഭാഗമായാണ് നടപടികള്‍ ആരംഭിച്ചിരിക്കുന്നത്.

Top