പ്രശസ്ത കവി എന്‍കെ ദേശം അന്തരിച്ചു

കവിയും നിരൂപകനുമായ എൻ.കെ. ദേശം അന്തരിച്ചു. 87 വയസായിരുന്നു. ഇന്ന് രാത്രി 9.30 ഓടെയായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് എടവിലങ്ങ് മകളുടെ വീട്ടിലായിരുന്നു താമസം. മൃതദേഹം കൊടുങ്ങല്ലൂർ ഗവൺമെന്റ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ( N K Desam passes away )

എൻ. കുട്ടികൃഷ്ണപിള്ള എന്നാണ് മുഴുവൻ പേര്. സുവ്യക്തമായ ആശയങ്ങൾ ഹൃദായാവർജകമായി അവതരിപ്പിച്ചിട്ടുള്ള നിരവധി കവിതകൾ ദേശത്തിന്റേതായുണ്ട്. ഇവയിൽ സുരഭിലങ്ങളായ പ്രേമകവിതകളും ചാട്ടുളിപോലെ തറയ്ക്കുന്ന കവിതകളും കുറിക്കുകൊള്ളുന്ന ആക്ഷേപഹാസ്യ കവിതകളും ധാരാളമുണ്ട്. സൌമ്യമായ നർമരസവും അഗാധമായ കാലദേശാവബോധവും ദേശത്തിന്റെ കവിതയുടെ സവിശേഷതകളാണ്. ആധുനിക കവിതയുടെ ഭാവധർമങ്ങൾ അധികം കാണാൻ കഴിയുകയില്ല. സമർഥമായ ശബ്ദങ്ങളും ഉചിതമായ ഇമേജുകളും കവിതയെ മറ്റുള്ളവയിൽനിന്നു വേറിട്ടതാക്കിത്തീർക്കുന്നു. ടാഗോറിന്റെ ഗീതാഞ്ജലിക്ക് എൻ.കെ. ദേശം നടത്തിയ വിവർത്തനം ശ്രദ്ധേയമാണ്.

കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, ഓടക്കുഴൽ പുരസ്‌കാരം തുടങ്ങിയവ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

Top