പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രൊഫ.എസ്. സീതാരാമന്‍ അന്തരിച്ചു

ആലുവ: പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ.എസ് സീതാരാമൻ അന്തരിച്ചു. 74 വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. ബുധനാഴ്ച ഉച്ചയ്ക്ക് 12-ഓടെ വീട്ടില്‍ കുഴഞ്ഞുവീണ് കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കാലടി ശ്രീ ശങ്കര കോളേജ് മുൻ അദ്ധ്യാപകനാണ്. കോളേജുകളില്‍ ഇക്കോ ക്ലബ്ബുകള്‍ രൂപീകരിക്കാനും വിദ്യാര്‍ഥികള്‍ക്കിടയില്‍ പരിസ്ഥിതി ബോധവത്കരണ ക്ലാസുകള്‍ നടത്താനും സീതാരാമന്‍ മുന്‍പന്തിയിലായിരുന്നു. പരിസ്ഥിതി സംരക്ഷണ സംഘത്തിന്റെ സ്ഥാപകനും 20 വര്‍ഷത്തോളം സെക്രട്ടറിയുമായിരുന്നു. കേരള നദീ സംരക്ഷണ സമിതിയുടെ പ്രസിഡന്‍റായിരുന്ന അദ്ദേഹം മൂന്ന് പതിറ്റാണ്ടിലധികമാണ് പെരിയാർ പുഴയുടെ സംരക്ഷണത്തിന് വേണ്ടി പ്രവർത്തിച്ചത്. നൂറുകണക്കിന് വൃക്ഷങ്ങൾ കൊണ്ട് ആലുവ ശിവരാത്രി മണപ്പുറത്ത് കുട്ടിവനം വെച്ച് പിടിപ്പിച്ചത് ശ്രദ്ധേയമായിരുന്നു. തീരദേശ പരിപാലന നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രൊഫ. എസ്. സീതാരാമന്‍ സുപ്രീം കോടതിയെ സമീപിച്ചതിനെ തുടർന്നാണ് കോടതി വേണ്ട നടപടി സ്വീകരിക്കാൻ ഉത്തരവിട്ടത്.

Top