സുരക്ഷക്രമീകരണങ്ങളോടെ റെനോ ഓഫീസും ഡീലര്‍ഷിപ്പ്, സര്‍വീസ് സെന്ററുകളും തുറന്നു

കൊച്ചി: ഇന്ത്യയിലെ ഒന്നാം നമ്പര്‍ യൂറോപ്യന്‍ ബ്രാന്‍ഡായ റെനോയുടെ ഓഫീസും തെരഞ്ഞെടുക്കപ്പെട്ട ഡീലര്‍ഷിപ്പുകളും തുറന്നു. ടച്ച്‌പോയിന്റുകളിലേക്ക് ഉപഭോക്താക്കളെ സ്വാഗതം ചെയ്യുന്നതിനായി പൂര്‍ണ സുരക്ഷാ, ശുചിത്വ നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത്. സുരക്ഷാ പ്രോട്ടോക്കോളിനു വിധേയമായി റെനോയുടെ 194 ഷോറൂമുകളും വര്‍ക്ക്‌ഷോപ്പുകളുമാണ് തുറന്നിട്ടുള്ളത്. ബാക്കിയുളള ടച്ച് പോയിന്റുകള്‍ പ്രാദേശിക അധികൃതരുടെ അനുമതിയോടെ ഘട്ടം ഘട്ടമായി തുറക്കും. സൗകര്യങ്ങളും ടെസ്റ്റ് കാറുകളും സാനിറ്റൈസ് ചെയ്യുന്നതിന് പ്രത്യേകം ശ്രദ്ധ നല്‍കിയിട്ടുണ്ട്. ഉപഭോക്താക്കളെ ‘സ്വാഗതം’ ചെയ്യുന്നതിന്റെ ഭാഗമായി റെനോ ടീമിന് പ്രോട്ടോക്കള്‍ നടപടികളില്‍ പ്രത്യേകം പരിശീലനം നല്‍കുന്നുണ്ട്.

ഓരോ രാജ്യങ്ങളിലായി റെനോ ആഗോള തലത്തില്‍ തന്നെ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ സാവധാനം പുനരാരംഭിക്കുകയാണ്, ഇന്ത്യയില്‍ ഘട്ടം ഘട്ടമായിട്ടാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്, റെനോ ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യ തന്ത്രപരമായ പങ്കു വഹിക്കുന്നുണ്ടെന്നും ഉപഭോക്താവിന്റെ സുരക്ഷയും സംതൃപ്തിയുമാണ് പ്രധാന ലക്ഷ്യമെന്നും അതാണ് തങ്ങളെ മുന്നോട്ട് നയിക്കുന്നതെന്നും ലോക്ക്ഡൗണിന് ഇളവുകള്‍ വരുകയും ബിസിനസ് സജീവമായി തുടങ്ങുകയും ചെയ്യുമ്പോള്‍ ഉപഭോക്താവിന്റെ സുരക്ഷയും ശുചിത്വവും ഉറപ്പുവരുത്തുന്നതിനുവേണ്ട നടപടികളെല്ലാം ടച്ച്‌പോയിന്റുകളില്‍ സ്വീകരിച്ചിട്ടുണ്ടെന്നും റെനോയുടെ ജീവനക്കാര്‍, ഡീലര്‍മാര്‍, മറ്റ് സഹകാരികള്‍, അവരുടെ കുടുംബാംഗങ്ങള്‍ തുടങ്ങി സമൂഹത്തിന്റെയാകെ നല്ലതിനായുള്ള നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും റെനോ ഇന്ത്യ ഓപറേഷന്‍സ് സിഇഒയും മാനേജിങ് ഡയറക്ടറുമായ വെങ്കട്ട്‌റാം മാമിലാപ്പല്ലെ പറഞ്ഞു.

ആദ്യ ഘട്ടമായി, എല്ലാ ഡീലര്‍ഷിപ്പുകളും ഷോറൂമുകളും വര്‍ക്ക്‌ഷോപ്പുകളും ഉപഭോക്താക്കള്‍ക്കായി തുറക്കും മുമ്പ് അണുമുക്തമാക്കും. ഡീലര്‍ഷിപ്പ് ജീവനക്കാരെ മുഴുവന്‍ ആരോഗ്യ സ്‌ക്രീനിങിനു വിധേയമാക്കിയ ശേഷമായിരിക്കും ജോലി ആരംഭിക്കാന്‍ അനുവദിക്കുക. നിരീക്ഷണം ദിവസവും തുടരുകയും വേണ്ട നടപടികള്‍ കൈക്കൊള്ളുകയും ചെയ്യും. എല്ലാ ഷോറൂമുകളിലും വര്‍ക്ക്‌ഷോപ്പുകളിലും ഇത് നടപ്പിലാക്കും. സാമൂഹ്യ അകലവും സുരക്ഷാ നടപടികളും കൈക്കൊളളുകയും ചെയ്യും. ഡിസ്‌പ്ലേയ്ക്കും ടെസ്റ്റ് ഡ്രൈവിനുമുള്ള കാറുകള്‍ ഡീലര്‍മാരുടെ പക്കലായാലും ഉപഭോക്താവിന്റെ വീട്ടിലായാലും ഓരോരുത്തരുടെയും വിനിമയം കഴിയുമ്പോള്‍ സാനിറ്റൈസ് ചെയ്യും. സര്‍വീസിനു വരുന്ന കാറുകള്‍ക്കും ഇത് ബാധകമായിരിക്കും.

വെല്ലുവിളി നേരിടുന്ന ഈ വേളയില്‍ ഉപഭോക്തൃ കേന്ദ്രീകൃതമായ നിരവധി ഓഫറുകളും റെനോ പ്രഖ്യാപിച്ചിട്ടുണ്ട്. ”ഇപ്പോള്‍ വാങ്ങു, പിന്നീട് പണം അടയ്ക്കൂ” എന്നൊരു സ്‌കീം പ്രഖ്യാപിച്ചിട്ടുണ്ട്. സ്‌കീം അനുസരിച്ച് മെയ് മാസം റെനോ വാങ്ങുന്ന ഉപഭോക്താക്കള്‍ മൂന്നു മാസത്തിനുശേഷം ഇഎംഐ അടച്ചു തുടങ്ങിയാല്‍ മതി. റെനോ ഡീലര്‍മാരിലും വെബ്‌സൈറ്റിലും മൈ റെനോ ആപ്പിലും ഓഫര്‍ ലഭ്യമാണ്. കാഷ് ഓഫര്‍, എക്‌സ്‌ചേഞ്ച്, 8.99 ശതമാനം നിരക്കില്‍ ഫൈനാന്‍സ് തുടങ്ങിയ ഓഫറുകള്‍ എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കുമുണ്ട്. കൂടാതെ നിലവിലെ ഉപഭോക്താക്കള്‍ക്ക് അധികമായി ലോയാലിറ്റി ഓഫറുകളും ലഭ്യമാണ്.

സര്‍വീസ് തലത്തില്‍ റെനോ വാറണ്ടി നീട്ടിയിട്ടുണ്ട്. ആദ്യ സൗജന്യ സര്‍വീസും നീട്ടിയിട്ടുണ്ട്. വാറണ്ടിയിലും തുടര്‍ച്ചയായുള്ള സര്‍വീസ് ഷെഡ്യൂളുകളിലും ലോക്ക്ഡൗണ്‍ കാലത്ത് റെനോ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളില്‍ 24 മണിക്കൂര്‍ റോഡ്‌സൈഡ് അസിസ്റ്റന്‍സ് തുടരും.

Top