കമ്പനി ലൈസന്‍സ് ഇനി മുതല്‍ ഓണ്‍ലൈനായി പുതുക്കാം

കുവൈത്ത്: കുവൈത്തില്‍ കമ്പനി ലൈസന്‍സ് ഓണ്‍ലൈനായി പുതുക്കുന്ന സംവിധാനം ആരംഭിച്ചു. കമ്പനി വിലാസവും കുവൈത്ത് ബിസിനസ് സെന്റര്‍ വെബ്‌സൈറ്റ് വഴി പുതുക്കാന്‍ കഴിയുമെന്ന് വാണിജ്യ മന്ത്രാലയം വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു. ലൈസന്‍സ് പുതുക്കാനുള്ള ഫീസും ഓണ്‍ലൈനായി തന്നെ അടയ്ക്കാം.

രാജ്യത്തെ എല്ലാ സര്‍ക്കാര്‍ ഡിപ്പാര്‍ട്‌മെന്റുകളിലും പൊതുജനങ്ങളുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകള്‍ക്കും ഇ-ഗവേണിങ് സ്മാര്‍ട്ട് സിസ്റ്റം നടപ്പാക്കിക്കൊണ്ടിരിക്കുകയാണ് രാജ്യം. അതോടൊപ്പം ഇ-ഗവേണന്‍സിലേക്ക് മാറാന്‍ കുവൈത്ത് അതിവേഗം നടപടികള്‍ സ്വീകരിച്ചുവരുകയാണ്. ഇപ്പോള്‍ സ്വകാര്യ നിക്ഷേപകര്‍ക്ക് ഓഫിസ് രജിസ്റ്റര്‍ ചെയ്ത പരിധി പരിഗണിക്കാതെ ഏത് ഗവര്‍ണറേറ്റില്‍ നിന്നും ഇടപാടുകള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയും.

പുതിയ ഏര്‍പ്പാടുകള്‍ തുടങ്ങല്‍, കരാര്‍ ഭേദഗതി, പാര്‍ട്ട്ണര്‍മാരെ ചേര്‍ക്കലും ഒഴിവാക്കലും, കമ്പനിയുടെ പേര് മാറ്റല്‍, ബജറ്റ് പൂര്‍ത്തീകരണം, മൂലധനം വര്‍ധിപ്പിക്കലും കുറക്കലും തുടങ്ങി നടപടികള്‍ക്കെല്ലാം ഇനി ഏതെങ്കിലും ഗവര്‍ണറേറ്റിലെ കമ്പനികാര്യ ഓഫിസിലെത്തിയാല്‍ മതി. ഇതുവഴി കമ്പനികള്‍ക്ക് സമയവും അധ്വാനവും ലാഭിക്കാം എന്നതും മറ്റൊരു പ്രത്യേകതയാണ്.

Top