ചിപ്പ് ക്ഷാമത്തിനിടയിലും റെക്കോര്‍ഡ് വില്പനയുമായി റെനോ

ദീപാവലി ഉത്സവകാലത്ത് 3,000-ത്തിലധികം കാറുകള്‍ വിതരണം ചെയ്തതായി പ്രഖ്യാപിച്ച് ഫ്രഞ്ച് കാര്‍ നിര്‍മ്മാതാക്കളായ റെനോ. ആഗോളതലത്തില്‍ വാഹന നിര്‍മ്മാണത്തെ പ്രതിസന്ധിയിലാക്കിയ ചിപ്പ് ക്ഷാമം നിലനില്‍ക്കെയാണ് റെക്കോര്‍ഡ് ഡെലിവറികള്‍ പൂര്‍ത്തിയാക്കാന്‍ കമ്പനിക്ക് കഴിഞ്ഞതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

ധന്‍തെരാസ്, ദീപാവലി ദിവസങ്ങളിലാണ് റെനോയുടെ റെക്കോര്‍ഡ് കച്ചവടം. രാജ്യത്ത് പ്രവര്‍ത്തനം തുടങ്ങി പത്താം വര്‍ഷത്തിലേക്ക് കടന്ന കാര്‍ നിര്‍മ്മാതാവ് കിഗര്‍ സബ് കോംപാക്റ്റ് എസ്യുവി, റെനോ ട്രൈബര്‍, റെനോ ക്വിഡ് മോഡലുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളാണ് ഉപഭോക്താക്കള്‍ക്ക് കൈമാറിയിത്. മാനുവല്‍ ട്രാന്‍സ്മിഷനുമായി താരതമ്യപ്പെടുത്തുമ്പോള്‍ എഎംടി, സിവിടി വകഭേദങ്ങള്‍ ഉപഭോക്താക്കള്‍ക്കിടയില്‍ കൂടുതല്‍ പ്രചാരം നേടിയിട്ടുണ്ടെന്നാണ് കമ്പനി പറയുന്നത്.

‘ഇനിയുള്ള വര്‍ഷവും ഈ മുന്നേറ്റം തുടരുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു, കൂടുതല്‍ ഉപഭോക്താക്കളെ റെനോ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യാമെന്ന് ആഗ്രഹിക്കുന്നു,’ റെനോ ഇന്ത്യ ഓപ്പറേഷന്‍സിന്റെ കണ്‍ട്രി സിഇഒയും മാനേജിംഗ് ഡയറക്ടറുമായ വെങ്കട്ട്റാം മാമില്ലപ്പള്ളി പറഞ്ഞു.

ഈ വര്‍ഷം ഫെബ്രുവരിയില്‍ രാജ്യത്ത് കമ്പനി പുറത്തിറക്കിയ ഏറ്റവും പുതിയ ഉല്‍പ്പന്നമാണ് റെനോ കിഗര്‍. RXE, RXL, RXT, RXZ, RXT(O) എന്നീ അഞ്ച് വകഭേദങ്ങളിലാണ് രണ്ട് എഞ്ചിന്‍ ഓപ്ഷനുകളോടെയാണ് എസ്യുവി എത്തുന്നത്. 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ത്രീ-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍, 100 PS-ഉം 160 Nm-ഉം നല്‍കുന്നു, കൂടാതെ 72 PS-ഉം 96 Nm-ഉം ഉത്പാദിപ്പിക്കുന്ന 1.0 L പെട്രോള്‍ എഞ്ചിനംു വാഹനത്തിനുണ്ട്.

1.0 എല്‍ പെട്രോള്‍ എഞ്ചിനില്‍ അഞ്ച് സ്പീഡ് മാനുവലും അഞ്ച് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് യൂണിറ്റില്‍ അഞ്ച് സ്പീഡ് മാനുവലും അഞ്ച് സ്പീഡ് എക്‌സ്-ട്രോണിക് സിവിടി ഗിയര്‍ബോക്‌സും ലഭിക്കുന്നു. ബ്രാന്‍ഡിന്റെ 10 വര്‍ഷത്തെ ആഘോഷങ്ങളുടെ ഭാഗമായി ഓഗസ്റ്റില്‍ പുറത്തിറക്കിയ RXT (O) വേരിയന്റ് മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളോടെയാണ് വരുന്നത്. സെഗ്മെന്റ് ഇന്ധനക്ഷമതയില്‍ ഏറ്റവും മികച്ച മോഡലെന്ന പേരും കിഗര്‍ അടുത്തിടെ സ്വന്തമാക്കിയിരുന്നു. 20.5 kmpl എന്നതാണ് ARAI- സാക്ഷ്യപ്പെടുത്തിയ കിഗറിന്റെ മൈലേജ്.

ഇന്ത്യയിലെ പത്താം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി, സെപ്റ്റംബറില്‍ റെനോ പുതിയ ക്വിഡ് പുറത്തിറക്കിയിരുന്നു. ചെറുതും താങ്ങാനാവുന്നതുമായ പാസഞ്ചര്‍ വാഹനത്തിന്റെ സുരക്ഷാ സവിശേഷതകള്‍ കൂട്ടുന്നതായിരുന്നു പുതിയ മോഡല്‍. മെട്രോ നഗരങ്ങളില്‍ മാത്രമല്ല, ഗ്രാമീണ വിപണികളിലും രാജ്യത്തെ നെറ്റ്വര്‍ക്ക് വ്യാപനം വര്‍ദ്ധിപ്പിക്കാനുള്ള ശ്രമത്തിലാണ് റെനോ. നിലവില്‍ 250-ലധികം വര്‍ക്ക്‌ഷോപ്പ് ഓണ്‍ വീല്‍സ് ലൊക്കേഷനുകള്‍ ഉള്‍പ്പെടെ 500-ലധികം വില്‍പ്പന കേന്ദ്രങ്ങളും 530 സേവന ടച്ച് പോയിന്റുകളും രാജ്യത്തുടനീളം കമ്പനിക്ക് ഉണ്ടെന്നാണ് റെനോ പറയുന്നത്.

 

Top