ഇന്ത്യയില്‍ വൈദ്യുത വാഹനങ്ങള്‍ അവതരിപ്പിക്കാനൊരുങ്ങി റെനോള്‍ട്ട്

ന്ത്യയില്‍ വൈദ്യുത വാഹനങ്ങള്‍ അവതരിപ്പിക്കാന്‍ ഫ്രഞ്ച് നിര്‍മാതാക്കളായ റെനോള്‍ട്ട് ഒരുങ്ങുന്നു. 2022നകം വിപണി വിഹിതം ഇരട്ടിയാക്കി ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ രണ്ടു പുതിയ മോഡലുകളാവും റെനോള്‍ട്ട് ഇന്ത്യയിലെത്തിക്കുക. ഇതിലൊന്ന് വൈദ്യുത വാഹനമാകുമെന്നാണ് സൂചന. വൈദ്യുത വാഹനം ഇന്ത്യയില്‍ നിര്‍മിക്കാനാണു റെനോള്‍ട്ട് തീരുമാനിച്ചിരിക്കുന്നതെന്നു കമ്പനിയുടെ കണ്‍ട്രി ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറും മാനേജിങ് ഡയറക്ടറുമായ വെങ്കട്ട്‌റാം മാമില്ലപ്പള്ളി അറിയിച്ചു.

നിലവില്‍ ചെറു ഹാച്ച്ബാക്കായ ക്വിഡ്, സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനം ഡസ്റ്റര്‍, പ്രീമിയം സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനം കാപ്ചര്‍, വിവിധോദ്ദേശ്യ വാഹനം ലോജി എന്നിവയാണു റെനോള്‍ട്ട് ഇന്ത്യയില്‍ വില്‍ക്കുന്നത്. ഒപ്പം, നാലു മീറ്ററില്‍ താഴെ നീളമുള്ള പുതിയ മോഡലായ ട്രൈബര്‍ പുറത്തിറക്കാനും കമ്പനി തയാറെടുക്കുന്നുണ്ട്.

മൂന്നു വര്‍ഷത്തിനകം ഇന്ത്യയിലെ വിപണി വിഹിതം അഞ്ചു ശതമാനത്തിലെത്തിക്കാനാണു റെനോള്‍ട്ടിന്റെ ശ്രമമെന്ന് വെങ്കട്ട്‌റാം മാമില്ലപ്പള്ളി പറഞ്ഞു. നിലവില്‍ റെനോള്‍ട്ടിന്‌ ഇന്ത്യയില്‍ രണ്ടര ശതമാനത്തോളം വിപണി വിഹിതമാണുള്ളത്. മൂന്നു വര്‍ഷത്തിനുള്ളില്‍ ഇത് ഇരട്ടിയാക്കാമെന്നാണു റെനോള്‍ട്ടിന്റെ പ്രതീക്ഷ. ഇതിനായി പുത്തന്‍ സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനമായ എച്ച്ബിസിയും ബാറ്ററിയില്‍ ഓടുന്ന മോഡലും അവതരിപ്പിക്കാനാണു കമ്പനിയുടെ നീക്കം.

അരങ്ങേറ്റത്തിനൊരുങ്ങുന്ന ട്രൈബറിന്റെ പ്ലാറ്റ്‌ഫോമിലാവും പുതിയ എസ്.യു.വി സാക്ഷാത്കരിക്കുക. 2022നകം വൈദ്യുത വാഹന വിഭാഗത്തിലേക്കു പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള മുന്‍ തീരുമാനത്തിന്റെ തുടര്‍ച്ചയാണ് ബാറ്ററിയില്‍ ഓടുന്ന കാറിന്റെ അവതരണം. ഇന്ത്യയിലെ ഇലക്ട്രിക് കാറിന്റെ ബോഡിയും മറ്റും നിര്‍മിക്കുന്നത് പ്രാദേശികമായി സമാഹരിച്ച വസ്തുക്കള്‍ കൊണ്ടാവുമെങ്കിലും കാറിന്റെ ചില തന്ത്രപ്രധാന ഘടകങ്ങള്‍ക്കായി ഇറക്കുമതിയെ ആശ്രയിക്കേണ്ടി വരുമെന്നും മാമില്ലപ്പള്ളി വ്യക്തമാക്കി.

Top