75,000 യൂണിറ്റ് വിൽപ്പന പിന്നിട്ട്‌ റെനോ ട്രൈബർ

സ്റ്റർ, ക്വിഡ് എന്നീ മോഡലുകളിലൂടെ ആഭ്യന്തര ഉപഭോക്താക്കളുടെ മനസിലേക്ക് ചേക്കേറിയ വാഹന നിർമാതാക്കളാണ് റെനോ. എന്നാൽ വിപണിയെ ഇളക്കിമറിച്ചത് കോംപാക്‌ട് എംപിവി ശ്രേണിയിലെത്തിയ ട്രൈബറാണെന്നും പറയാം.2019 ഓഗസ്റ്റ് 28-ന് ആരംഭിച്ച ഈ ഏഴ് സീറ്റർ റെനോയ്ക്ക് ഇന്ത്യൻ വിപണിയിൽ പുതിയ മാനമാണ് നേടിക്കൊടുത്തത്. യൂട്ടിലിറ്റി വെഹിക്കിൾ ശ്രേണിയിൽ വെറും 1.57 ശതമാനത്തിന്റെ വിപണി വിഹിതം മാത്രമുണ്ടായിരുന്ന കമ്പനിക്ക് ട്രൈബറിന്റെ കടന്നുവരവോടെ അത് 4.79 ശതമാനമായി ഉയർന്നു.

കൂടാതെ അടുത്തിടെ അവതരിപ്പിച്ച കൈഗർ കോംപാക്‌ട് എസ്‌യുവിയും ഇപ്പോൾ കമ്പനിയുടെ വിൽപ്പന വേഗത വർധിപ്പിക്കുന്നുണ്ട്. ഇപ്പോൾ 75,000 യൂണിറ്റ് വിൽപ്പനയെന്ന നാഴികക്കല്ലിൽ എത്തിയിരിക്കുകയാണ് റെനോ ട്രൈബർ. വിപണിയിൽ എത്തി വെറും 21 മാസത്തിനുള്ളിലാണ് മോഡൽ ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത് എന്ന കാര്യവും ശ്രദ്ധേയമാണ്. ഒരു പെട്രോൾ എഞ്ചിനും മാനുവൽ ഗിയർബോക്‌സ് ഓപ്ഷനും നാല് വേരിയന്റിലും എത്തിയ ട്രൈബറിന് 4.95 ലക്ഷം രൂപ മുതൽ 6.49 ലക്ഷം രൂപ വരെയായിരുന്നു ഇന്ത്യയിലെ എക്സ്ഷോറൂം വില.

അതെ കാറിന് സമ്മാനിച്ച വില നിർണയം തന്നെയാണ് ഇത്രയും ശ്രദ്ധിക്കപ്പെടാൻ കാരണമായത്. താങ്ങാനാവുന്ന വിലയിൽ ഏഴ് സീറ്റർ വാഹനം എന്ന കാരണം തന്നെ മതിയായിരുന്നു ട്രൈബറിനെ വിജയിപ്പിക്കാൻ. എന്നിരുന്നാലും നിർമാണ നിലവാരവും കാഴ്ച്ചയിലെ ഭംഗിയും വൃത്തിയുള്ള അകത്തളവും ട്രൈബറിന്റെ മാറ്റുകൂട്ടി.

 

Top