ടോക്യോ ഒളിമ്പിക്സിൽ മെഡല്‍ നേടിയ ഗുസ്തി താരങ്ങള്‍ക്ക് കിഗര്‍ സമ്മാനിച്ച് റെനോ

ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യയ്ക്കായി മെഡല്‍ നേടിയ ഗുസ്തി താരങ്ങളായ രവി കുമാര്‍ ദഹിയയ്ക്കും ബജ്രംഗ് പുനിയയ്ക്കും ഫ്രഞ്ച് നിര്‍മാതാക്കളായ റെനോ തങ്ങളുടെ ജനപ്രിയ സബ് കോംപാക്ട് എസ്‌യുവിയായ കിഗര്‍ സമ്മാനിച്ച് ആദരിച്ചതായി ഹിന്ദുസ്ഥാന്‍ ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒളിമ്പിക്സിലെ 57 കിലോഗ്രാം വിഭാഗത്തില്‍ വെള്ളി മെഡായിരുന്നു ദഹിയ സ്വന്തമാക്കിയത്. 65 കിലോഗ്രാം വിഭാഗത്തില്‍ വെങ്കല മെഡലാണ് പുനിയ നേടിയത്. ഇതോടെ ടോക്യോ ഒളിംപിക്‌സില്‍ ഇന്ത്യയ്ക്കായി മെഡല്‍ നേടിയ നാലു കായിക താരങ്ങളെ കിഗര്‍ സമ്മാനിച്ച് റെനോ ആദരിച്ചു.

ഭാരോദ്വഹനത്തില്‍ വനിതകളുടെ 49 കിലോഗ്രാം വിഭാഗത്തില്‍ വെള്ളി നേടിയ മീരാബായ് ചാനുവിനും ബോക്‌സിങ്ങില്‍ വനിതകളുടെ വെല്‍റ്റര്‍ വെയ്റ്റ് വിഭാഗത്തില്‍ വെങ്കലം നേടിയ ലവ്‌ലീന ബൊര്‍ഗൊയനുമാണ് റെനോ ആദ്യ രണ്ടു കിഗറുകള്‍ സമ്മാനിച്ചത്.

2021 ഫെബ്രുവരി അവസാനവാരമാണ് കിഗര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. RXE, RXL, RXT, RXZ എന്നീ നാല് വേരിയന്റുകളില്‍ ഇന്ത്യയില്‍ എത്തിയിട്ടുള്ള കിഗറിന് 5.64 ലക്ഷം രൂപ മുതല്‍ 10.09 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറും വില. പങ്കാളികളായ നിസാനും റെനോയും ഒന്നിച്ചു തയ്യാറാക്കിയ CMF-A പ്ലാറ്റ്‌ഫോമില്‍ തന്നെയാണ് കിഗര്‍ തയ്യാറാക്കുന്നത്. ഇരട്ട സ്ലാറ്റ് ക്രോം ഗ്രില്‍, മൂന്ന് എല്‍ ഇ ഡികളുള്ള ഹെഡ്ലാംപ്, എല്‍ഇഡി ഡേടൈം റണ്ണിങ് ലാംപ്, സി ആകൃതിയിലുള്ള എല്‍ഇഡി ടെയില്‍ ലൈറ്റ്, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീല്‍, ഫംക്ഷനല്‍ റൂഫ് റയില്‍ എന്നിവയൊക്കെ കൈഗറിലുണ്ട്.

അമേരിക്കന്‍ ഉപഭൂഖണ്ഡത്തില്‍ കാണപ്പെടുന്ന ഒരു തരം കുതിരയാണ് കിഗര്‍. പ്ലാനറ്റ് ഗ്രേ, ഐസ് കൂള്‍ വൈറ്റ്, മൂണ്‍ലൈറ്റ് ഗ്രേ, മഹാഗണി ബ്രൗണ്‍, കാസ്പിയന്‍ ബ്ലൂ, റേഡിയന്റ് റെഡ് വിത്ത് മിസ്റ്ററി ബ്ലാക്ക് റൂഫ് എന്നിങ്ങനെ 6 നിറങ്ങളിലാണ് റെനോ കിഗെര്‍ എത്തുന്നത്. റെനോയുടെ സ്വന്തം വിങ് ഗ്രില്‍, രണ്ടായി ഭാഗിച്ച ഹെഡ്‌ലാംപ് ക്ലസ്റ്റര്‍, C ഷെയ്പ്പിലുള്ള ടെയില്‍ ലാംപ് എന്നിവ ലഭിക്കുന്നു.

കിഗെറിന് ഒരു കൂപെ എസ്യുവി ഡിസൈന്‍ ഭാഷ്യം ആണ് ഉള്ളത്. ഹെക്സഗോണല്‍ എസി വെന്റുകള്‍ക്ക് ഇളം ചാരനിറത്തിലുള്ള ഫിനിഷ്, ചാരനിറത്തിലുള്ള ലേയേര്‍ഡ് ഡാഷ്ബോര്‍ഡ്, സെന്റര്‍ കണ്‍സോളിലും പവര്‍ വിന്‍ഡോ സ്വിച്ചുകളിലും കറുത്ത പ്ലാസ്റ്റിക് ഹൈലൈറ്റുകള്‍ എന്നിവയാണ് റെനോ കിഗെറിന്റെ ഇന്റീരിയറില്‍.

പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട്, കീലെസ് എന്‍ട്രി, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ആംബിയന്റ് ലൈറ്റിംഗ്, പിഎം 2.5 എയര്‍ ഫില്‍ട്ടര്‍ എന്നിവയാണ് കിഗെറിന്റെ ഉയര്‍ന്ന ട്രിമ്മുകളില്‍ നല്‍കിയിരിക്കുന്നു. ട്രൈബറിലെ 1.0 ലിറ്റര്‍ 3 സിലിണ്ടര്‍ നാച്ചുറലി അസ്പിറേറ്റഡ് പെട്രോള്‍ എന്‍ജിന്‍ ആണ് ഒന്ന്. 72 പിഎസ് പവറും 96 എന്‍എം ടോര്‍ക്കും ഇത് നിര്‍മ്മിക്കുന്നു. ഈ എന്‍ജിന്‍ 5-സ്പീഡ് മാന്വല്‍, എഎംടി ഗിയര്‍ബോക്സുകളോടൊപ്പം ലഭിക്കും. 98 ബിഎച്പി പവറും 160 എന്‍എം ടോര്‍ക്കും നിര്‍മ്മിക്കുന്ന നിസ്സാന്‍ മാഗ്നൈറ്റിലെ 1.0-ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനിലും കിഗെര്‍ എത്തുന്നു. 5-സ്പീഡ് മാന്വല്‍, സിവിടി ഓട്ടോമാറ്റിക് എന്നിവയാണ് ഈ എന്‍ജിനോടൊപ്പമുള്ള ഗിയര്‍ബോക്സുകള്‍.

അതേസമയം ഏഴ് ലക്ഷം ഉപയോക്താക്കളുടെ നിറവിലാണ് കമ്പനി 10 വര്‍ഷം പൂര്‍ത്തിയാക്കിയിട്ടുള്ളതെന്നാണ് റെനോ ഇന്ത്യ അറിയിച്ചിരിക്കുന്നത്. ആഘോഷത്തിന്റെ ഭാഗമായി റെനോ കിഗറിന്റെ പുതിയ ഒരു പതിപ്പ് കൂടി ഇന്ത്യന്‍ നിരത്തുകളില്‍ എത്തിച്ചിരിക്കുകയാണ് കമ്പനി.

 

Top