റെനോയുടെ പുതിയ സബ്കോംപാക്റ്റ് എസ്യുവി കിഗര്‍ ദക്ഷിണാഫ്രിക്കയിലേക്ക്

ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോയുടെ പുതിയ സബ്കോംപാക്റ്റ് എസ്യുവിയായ കിഗര്‍ 2021 ഫെബ്രുവരി അവസാനവാരമാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. വളരെപ്പെട്ടെന്ന് ജനപ്രിയമായി മാറിയ ഈ സബ്കോംപാക്റ്റ് എസ്യുവിയുടെ ദക്ഷിണാഫ്രിക്കന്‍ വിപണിയിലേക്കുള്ള കയറ്റുമതി റെനോ ഇന്ത്യ കഴിഞ്ഞ മാസം ആരംഭിച്ചിരുന്നു.

ചെന്നൈ തുറമുഖത്ത് നിന്ന് 760 കൈഗര്‍ എസ്യുവികളുടെ ആദ്യ ബാച്ചാണ് കമ്പനി കയറ്റി അയച്ചതെന്ന് കാര്‍ ആന്‍ഡ് ബൈക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. നേപ്പാളിന് ശേഷം കൈഗറിന്റെ രണ്ടാമത്തെ കയറ്റുമതി വിപണിയാണ് ദക്ഷിണാഫ്രിക്ക. എന്നാല്‍ ഇക്കാര്യത്തില്‍ കമ്പനി ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല.

അതേസമയം, കാര്‍ നിര്‍മ്മാതാവ് അതിന്റെ ദക്ഷിണാഫ്രിക്കന്‍ വെബ്സൈറ്റില്‍ എസ്യുവിയുടെ എല്ലാ വകഭേദങ്ങളും വിലകളും പട്ടികപ്പെടുത്തിയിട്ടുണ്ട്. വിശദാംശങ്ങള്‍ അനുസരിച്ച്, ലൈഫ്, സെന്‍, ഇന്റന്‍സ് എന്നീ മൂന്ന് ട്രിമ്മുകളില്‍ റെനോ കൈഗര്‍ വാഗ്ദാനം ചെയ്യുന്നു. എഞ്ചിന്‍, ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളെ ആശ്രയിച്ച് ഏഴ് വേരിയന്റുകളായി തിരിച്ചാണ് വില്‍പ്പന. കിഗറിന് 199,900 റാന്‍ഡിനും 289,900 റാന്‍ഡിനുമിടയിലാണ് ദക്ഷിണാഫ്രിക്കന്‍ വിപണിയില്‍ വില. നിലവിലെ വിനിമയ നിരക്ക് അനുസരിച്ച് ഏകദേശം 10.34 ലക്ഷം മുതല്‍ 15 ലക്ഷം ഇന്ത്യന്‍ രൂപ വരെ വരും ഇത്.

കാഴ്ചയില്‍, എസ്യുവി ഇന്ത്യ-സ്പെക്ക് മോഡലിന് സമാനമാണ്. എല്‍ഇഡി ഡിആര്‍എല്‍, അലോയ് വീലുകള്‍, പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, എല്‍ഇഡി ടെയില്‍ലൈറ്റുകള്‍, മസ്‌കുലര്‍ എക്സ്റ്റീരിയര്‍ ബീഫിംഗ് ക്ലാഡിംഗ്, ഡ്യുവല്‍-ടോണ്‍ ബോഡി കളര്‍ ഓപ്ഷനുകള്‍ എന്നിവ ഇതില്‍ ഉള്‍ക്കൊള്ളുന്നു. കമ്പനി ചെന്നൈയ്ക്കടുത്ത് ഒരഗടത്തെ ശാലയില്‍ നിര്‍മിച്ച കൈഗര്‍ ആദ്യം നേപ്പാളിലും ഇപ്പോള്‍ ദക്ഷിണ ആഫ്രിക്കയിലും അവതരിപ്പിച്ചത്.

പങ്കാളികളായ നിസാനും റെനോയും ഒന്നിച്ചു തയ്യാറാക്കിയ CMF-A പ്ലാറ്റ്‌ഫോമില്‍ തന്നെയാണ് കിഗെര്‍ തയ്യാറാക്കുന്നത്. ഇരട്ട സ്ലാറ്റ് ക്രോം ഗ്രില്‍, മൂന്ന് എല്‍ ഇ ഡികളുള്ള ഹെഡ്ലാംപ്, എല്‍ഇഡി ഡേടൈം റണ്ണിങ് ലാംപ്, സി ആകൃതിയിലുള്ള എല്‍ഇഡി ടെയില്‍ ലൈറ്റ്, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീല്‍, ഫംക്ഷനല്‍ റൂഫ് റയില്‍ എന്നിവയൊക്കെ കൈഗറിലുണ്ട്. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയുള്ള 8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഡിസ്പ്ലേ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, 7 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയും ലഭിക്കുന്നു.

ഇന്ത്യയില്‍ നിര്‍മിച്ച കിഗര്‍ ഭാവിയില്‍ ഇന്തോനേഷ്യടക്കം കൂടുതല്‍ വിദേശ രാജ്യങ്ങളില്‍ വില്‍പനയ്‌ക്കെത്തിക്കാനും റെനോയ്ക്കു പദ്ധതിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ ഇന്ത്യന്‍ നിര്‍മിത കൈഗറിനു വിവിധ ആഫ്രിക്കന്‍ രാജ്യങ്ങളിലും സാര്‍ക് മേഖലയിലും റെനോ വിപണന സാധ്യത പ്രതീക്ഷിക്കുന്നുണ്ട്. അമേരിക്കന്‍ ഉപഭൂഖണ്ഡത്തില്‍ കാണപ്പെടുന്ന ഒരു തരം കുതിരയാണ് കിഗര്‍. പുത്തന്‍ വാഹനം കരുത്തനാണെന്ന സൂചനയാണ് റെനോ ഈ പേരിലൂടെ നല്‍കുന്നത്.

 

Top