renault india plans launch compact suv premium small car

ന്ത്യന്‍ വാഹന വിപണിയിലെ പ്രകടനം മെച്ചപ്പെടുത്തുന്നതിനായി പുതിയ കോംപാക്ട് എസ് യു വിയും പ്രീമിയം ചെറുകാറുകളും അവതരിപ്പിക്കാന്‍ ഫ്രഞ്ച് നിര്‍മാതാക്കളായ റെനോ ആലോചിക്കുന്നുവെന്ന് കണ്‍ട്രി ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറും മാനേജിങ് ഡയറക്ടറുമായ സുമിത് സാഹ്നി. തകര്‍പ്പന്‍ വിജയം കൊയ്തു മുന്നേറുന്ന എന്‍ട്രി ലവല്‍ ഹാച്ച്ബാക്കായ ‘ക്വിഡി’നു മുകളിലാവും പ്രീമിയം ചെറുകാര്‍ ഇടംപിടിക്കുക; പ്രാദേശികമായി സമാഹരിച്ച യന്ത്രഘടകങ്ങള്‍ ഉപയോഗിച്ചാവും ഇരുമോഡലുകളുടെയും നിര്‍മാണമെന്നും റെനോ സൂചിപ്പിച്ചു.

മൊത്തം 1.10 ലക്ഷം കാറുകള്‍ വിറ്റ റെനോ 2016ല്‍ ഇന്ത്യയിലെ വിപണി വിഹിതം നാലര ശതമാനത്തോളമായി ഉയര്‍ത്തിയിരുന്നു. ‘ക്വിഡി’നു പുറമെ എസ് യു വിയായ ‘ഡസ്റ്ററും’ വിവിധോദ്ദേശ്യ വാഹന(എം പി വി)മായ ‘ലോജി’യുമാണ് റെനോയെ ഇന്ത്യന്‍ വിപണിയില്‍ പിടിച്ചുനിര്‍ത്തുന്നത്.

വിപണന ശൃംഖല വിപുലീകരിക്കുന്നതിനൊപ്പം ഉല്‍പന്ന ശ്രേണിയും ശക്തമാക്കാന്‍ കമ്പനി തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മത്സരക്ഷമമായ വിലകളും പ്രവര്‍ത്തന ചെലവുമുള്ള വാഹനങ്ങള്‍ വില്‍പ്പനയ്‌ക്കെത്തിക്കാനാണു കമ്പനി ലക്ഷ്യമിടുന്നത്; അതുകൊണ്ടുതന്നെ ഭാവി മോഡലുകളില്‍ പ്രാദേശികമായി സമാഹരിച്ച ഘടകങ്ങള്‍ക്കു നിര്‍ണായക പങ്കുണ്ടാവും. ഇക്കൊല്ലം രണ്ടാം പകുതിയില്‍ പുതിയ ക്രോസോവര്‍ വില്‍പ്പനയ്‌ക്കെത്തിക്കാനാവുമോ എന്നാണു റെനോയുടെ ശ്രമം. രാജ്യാന്തരതലത്തില്‍ പ്രദര്‍ശിപ്പിച്ച ‘ക്യാപ്ചര്‍’ എസ് യു വിയാവും ഇന്ത്യയിലുമെത്തുകയെന്നാണ് സൂചനകള്‍.

‘ഡസ്റ്ററി’നൊപ്പം ഈ പുതിയ എസ് യു വി കൂടിയെത്തുന്നതോടെ ഇന്ത്യയില്‍ വിപണന സാധ്യതയേറിയ ഓഫ് റോഡര്‍ വിഭാഗത്തിലെ സാന്നിധ്യം ശക്തമാവുമെന്നു റെനോ കണക്കുകൂട്ടുന്നു. അതേസമയം പുതിയ ചെറുകാറിനുള്ള സാധ്യത സുമിത് സാഹ്നി സ്ഥിരീകരിച്ചിട്ടില്ല. എങ്കിലും വിപണി വിഹിതം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ‘ക്വിഡി’നു മുകളിലുള്ള വിഭാഗങ്ങള്‍ റെനോയുടെ സജീവ പരിഗണനയിലുണ്ടെന്ന് അദ്ദേഹം അംഗീകരിക്കുന്നു.

നിലവില്‍ വികസനഘട്ടത്തിലുള്ള ഈ പ്രീമിയം ചെറുകാര്‍ രണ്ടു മൂന്നു വര്‍ഷത്തിനകം വില്‍പ്പനയ്ക്കു സജ്ജമാവുമെന്നാണു സൂചന.ഇന്ത്യയില്‍ വരുംവര്‍ഷങ്ങളില്‍ ഓരോ പുതിയ കാര്‍ അവതരിപ്പിക്കുമെന്ന മുന്‍പ്രഖ്യാപനത്തില്‍ മാറ്റമില്ലെന്നു സാഹ്നി വ്യക്തമാക്കി. വിതരണ, വിപണന ശൃംഖലകള്‍ ശക്തമാവുന്നതോടെ പുത്തന്‍ മോഡല്‍ അവതരണങ്ങള്‍ അനിവാര്യതയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യയില്‍ 2012ല്‍ ‘ഡസ്റ്റര്‍’ അവതരിപ്പിച്ചതോടെയാണു റെനോ എന്ന ബ്രാന്‍ഡ് വാഹന പ്രേമികളുടെ ശ്രദ്ധ ആകര്‍ഷിക്കുന്നത്. തുടര്‍ന്ന് 2015 ഒക്ടോബറില്‍ വില്‍പ്പനയ്‌ക്കെത്തിയ ചെറുകാറായ ‘ക്വിഡ്’ റെനോയ്ക്ക് തകര്‍പ്പന്‍ വില്‍പ്പനയും നേടിക്കൊടുത്തു. നിരത്തിലെത്തി ആദ്യ വര്‍ഷത്തില്‍ തന്നെ ഒരു ലക്ഷത്തോളം യൂണിറ്റിന്റെ വില്‍പ്പനയാണ് എസ് യു വിയുടെ ആകൃതിയുള്ള ചെറുകാറായ ‘ക്വിഡ്’ നേടിയെടുത്തത്.

ആദ്യത്തെ ആവേശം അടങ്ങുമ്പോഴും മാസം തോറും 8,000 യൂണിറ്റിന്റെ വില്‍പ്പന കൈവരിക്കാന്‍ ‘ക്വിഡി’നു കഴിയുന്നുണ്ട്. മാരുതി സുസുക്കി ‘ഓള്‍ട്ടോ’, ഹ്യുണ്ടേയ് ‘ഇയോണ്‍’ തുടങ്ങിയവയോടു പട വെട്ടിയാണു ‘ക്വിഡ്’ ഈ നേട്ടം കൈവരിച്ചത് എന്നതും വിജയത്തിനു തിളക്കം വര്‍ധിപ്പിക്കുന്നു.

Top