ട്രൈബര്‍ എഎംടി പതിപ്പിനെ അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി റെനോ

ഫ്രഞ്ച് നിര്‍മ്മാതാക്കളായ റെനോയ്ക്ക് ഇന്ത്യയില്‍ നേട്ടങ്ങള്‍ സമ്മാനിച്ചുകൊണ്ടിരിക്കുന്ന വാഹനമാണ് ട്രൈബര്‍. പുറത്തിറങ്ങി മൂന്ന് മാസത്തിനുള്ളില്‍ തന്നെ 20,000 യൂണിറ്റുകളുടെ വില്‍പ്പന നേട്ടം കൈവരിക്കാന്‍ വാഹനത്തിന് സാധിച്ചു.

എന്നാല്‍ ഇപ്പോള്‍ വാഹനത്തിന്റെ എഎംടി പതിപ്പിനെ അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തിയിരിക്കുകയാണ് കമ്പനി. ടീ ബിഎച്ച്പിയാണ് ഇത് സംബന്ധിച്ച് സൂചനകള്‍ പങ്കുവെച്ചിരിക്കുന്നതും. റിപ്പോര്‍ട്ട് അനുസരിച്ച് 2020 മെയ് 18 -ന് കമ്പനി വാഹനത്തെ വിപണിയില് അവതരിപ്പിച്ചേക്കും.

വിപണിയിലെ മാന്ദ്യത്തിനിടയില്‍ പോലും മികച്ച വില്‍പ്പന കണ്ടെത്താന്‍ വാഹനത്തിന് സാധിച്ചു. ബിഎസ്6 നിലവാരത്തിലുള്ള 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ എഞ്ചിനാണ് വാഹനത്തിന്റെ കരുത്ത്.

6,250 ആര്‍എംപിയില്‍ 71ബിഎച്ച്പി പവറും 3,500 ആര്‍എംപിയില്‍ 96എന്‍എം ടോര്‍ക്കും ഈ എഞ്ചിന് സൃഷ്ടിക്കും. അഞ്ച് സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്.

2019ല്‍ തന്നെ എഎംടി പതിപ്പിനെയും വിപണിയില്‍ എത്തിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് 2020 ഓട്ടോ എക്‌സ്‌പോയില്‍ വാഹനത്തെ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.

വില്‍പ്പനയ്‌ക്കെത്തുന്ന ഓട്ടോമാറ്റിക്ക് പതിപ്പ് മാനുവല്‍ മോഡലിന് സമാനമായിരിക്കും. എങ്കിലും ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന മോഡലിന്റെ റൂഫ് റെയിലുകളിലും ഡാഷ്‌ബോര്‍ഡിലും ഡോര്‍ പാനലുകളിലും നീല നിറത്തിലുള്ള ഹൈലൈറ്റുകള്‍ ഇടംപിടിച്ചിരുന്നു.

സിഎംഎഫ് എപ്ലസ് പ്ലാറ്റ്‌ഫോമിലാണ് വാഹനത്തിന്റെ നിര്‍മ്മാണം. നാലുമീറ്ററില്‍ താഴെയാണെങ്കിലും ആവശ്യത്തിന് ക്യാബിന്‍ സ്‌പെയ്‌സ് വാഹനത്തില്‍ ഉണ്ടെന്നതാണ് പ്രധാന സവിശേഷത.

3,990 എംഎം നീളവും 1,739 എംഎം വീതിയും 1,637 എംഎം ഉയരവുമാണ് ട്രൈബറിനുള്ളത്. 2,636 എംഎം ആണ് വീല്‍ബേസ്, 182എംഎം ഗ്രൗണ്ട് ക്ലിയറന്‍സും വാഹനത്തിനുണ്ട്. 84 ലിറ്ററാണ് ബുട്ട് സ്‌പെയ്‌സ്. പൂര്‍ണ്ണമായും നീക്കം ചെയ്യാവുന്ന മൂന്നാം നിര സീറ്റുകളാണ് മറ്റൊരു സവിശേഷത.

ഡ്യുവല്‍ ടോണ്‍ ബബര്‍, ക്രോം ആവരണത്തോടുകൂടിയ ഗ്രില്‍, വലിയ ലോഗോ, പ്രൊജക്ട് ഹെഡ്‌ലാമ്പ്, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകള്‍ എന്നിവയാണ് മുന്‍ഭാഗത്തെ സവിശേഷതകള്‍. അഞ്ച് സ്‌പോക്ക് അലോയി വീലുകള്‍ വശങ്ങളെ മനോഹരമാക്കുന്നു.

ഡ്യുവല്‍ ടോണ്‍ ആണ് അകത്തളം. 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, മൂന്ന് വരികളിലും എസി വെന്റുകള്‍, കീലെസ് എന്‍ട്രി, എന്നിവ സ്റ്റാന്‍ഡേര്‍ഡായി ലഭിക്കുന്നു.

Top