അഞ്ചു റോഡുകളുടെ പേരു മാറ്റണം; ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനോട് ബിജെപി

ഡൽഹി: രാജ്യതലസ്ഥാനത്തെ അഞ്ചു റോഡുകളുടെ പേരു മാറ്റണമെന്ന ആവശ്യവുമായി ബിജെപി. തുക്ലക് റോഡ്, അക്ബർ റോഡ്, ഔറംഗസീബ് ലൈൻ, ഹുമയൂൺ റോഡ്. ഷാജഹാൻ റോഡ് എന്നീ റോഡുകളുടെ പേര് മാറ്റണമെന്നാണ് ബിജെപിയുടെ ആവശ്യം. ഇത് സംബന്ധിച്ച് ബിജെപി അധ്യക്ഷൻ ഡൽഹി മുൻസിപ്പൽ കോർപ്പറേഷന് കത്തുനൽകി. മുസ്ലിം അടിമത്തതിന്റെ പ്രതീകങ്ങളാണ് ഈ റോഡുകളെന്ന് ബിജെപി ആരോപിച്ചു. കുത്തബ്മീനാറിന്റെ പേര് വിഷ്ണു സ്തംഭം എന്നാക്കണമെന്ന ആവശ്യവുമായി ഹൈന്ദവസംഘടനായ മഹാകൽ മാനവസേനയും രംഗത്തെത്തി.

തുക്ലക് റോഡിന് ഗുരുഗോവിന്ദ് സിങ്ങ് മാർഗ് എന്ന് പുനർനാമകരണം ചെയ്യണമെന്നാണ് ബിജെപിയുടെ ആവശ്യം. അക്ബർ റോഡ് മഹാറാണ പ്രതാപ് റോഡ് എന്നും ഔറംഗസീബ് ലൈനിന് അബ്ദുൾ കലാം ലെയ്ൻ എന്നും പേര് നൽകണം. ഹുമയൂൺ റോഡിന്റെ പേര് മഹർഷി വാൽമീകീ റോഡ് എന്നാക്കണമെന്നും ഷാജഹാൻ റോഡിന് ജനറൽ വിപിൻ റാവത്തിന്റെ പേര് നൽകണമെന്നും ബിജെപി ആവശ്യപ്പെടുന്നു.

ബാബർ ലൈനിന്റെ പേര് മാറ്റി പകരം സ്വാതന്ത്ര്യസമരപോരാളിയായ ഖുദിറാം ബോസിന്റെ പേര് നൽകണമെന്നും ബിജെപി പറയുന്നു. ഈ ആവശ്യം ന്യൂഡൽഹി മുൻസിപ്പൽ കോർപ്പറേഷന്റെ പാനൽ അംഗീകരിച്ചിട്ടുണ്ട്. നിലവിൽ കോൺഗ്രസ് ആസ്ഥാനം സ്ഥിതി ചെയ്യുന്നത് അക്ബർ റോഡിലാണ്. 2014ൽ ബിജെപി അധികാരത്തിലെത്തിയതിന് പിന്നാലെ റോഡുകളുടെ പേരുകൾ മാറ്റിയത് വലിയ വിവാദത്തിന് കാരണമായിരുന്നു.

മുഗൾ, കൊളോണിയൽ അടിമത്വത്തിന്റെ പ്രതീകങ്ങൾ തുടച്ചുനീക്കി ദേശീയതയെ പ്രതിനിധാനം ചെയ്യുന്നവ സ്ഥാപിക്കണമെന്നതായിരുന്നു ബിജെപി മുന്നോട്ടുവച്ചത്. നേരത്തെ കോൺഗ്രസ് അധികാരത്തിലിരുന്നപ്പോൾ കോണാട്ട് പ്ലേസിന്റെ പേര് രാജീവ് ചൗക്ക് എന്ന് മാറ്റിയിരുന്നു.

Top