രമ്യയ്ക്ക് കാര്‍ വാങ്ങാന്‍ പിരിവെടുത്തത് ശരിയായില്ല; ലോണ്‍ കിട്ടുമായിരുന്നു: മുല്ലപ്പള്ളി

Mullapally Ramachandran

കോഴിക്കോട്: ആലത്തൂര്‍ എം.പി രമ്യ ഹരിദാസിന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിരിവെടുത്ത് കാര്‍ വാങ്ങി നല്‍കുന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

കാര്‍ വാങ്ങി നല്‍കുന്നതിനായി പണപ്പിരിവ് നടത്തിയത് ശരിയായില്ലെന്നും. രമ്യയ്ക്ക് കാര്‍ വാങ്ങാന്‍ ലോണ്‍ കിട്ടുമെന്നും മുല്ലപ്പള്ളി പറഞ്ഞു.പതിനാല് ലക്ഷം രൂപയുടെ മഹീന്ദ്ര മരാസോ കാറാണ് പിരിവിട്ട് വാങ്ങുന്നത്. 1.90 ലക്ഷം രൂപ ശമ്പളവും മറ്റ് നിരവധി ആനുകൂല്യങ്ങളും ലഭിക്കുന്ന എം.പിക്ക് വേണ്ടി പണപ്പിരിവ് നടത്തി കാര്‍ വാങ്ങുന്നതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.

അതേസമയം രമ്യ ഹരിദാസിന് വാഹനം വാങ്ങാന്‍ പണം പിരിക്കുന്നത് പൊതുജനങ്ങളില്‍ നിന്നല്ലെന്നും ഒരു നിയോജക മണ്ഡലത്തിലെ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളായിരിക്കുന്നവരില്‍ നിന്ന് രണ്ട് ലക്ഷം രൂപ പിരിക്കാനാണ് തീരുമാനിച്ചിട്ടുള്ളതെന്നും പിരിവിനെ കുറിച്ച് രസീത് പുറത്തിറക്കിയ ആലത്തൂര്‍ പാര്‍ലമെന്റ് മണ്ഡലം കമ്മറ്റിയുടെ അദ്ധ്യക്ഷന്‍ പാളയം പ്രദീപ് പ്രതികരിച്ചു.

പിരിവില്‍ തെറ്റൊന്നുമില്ലെന്ന് രമ്യ ഹരിദാസും പ്രതികരിച്ചു. ആലത്തൂരുകാര്‍ക്ക് വേണ്ടിയുള്ള വാഹനമാണ് ഇതെന്നും അത് വാങ്ങുന്നതില്‍ തനിക്ക് അഭിമാനം മാത്രമേ ഉള്ളുവെന്നുമായിരുന്നു രമ്യയുടെ പ്രസ്താവന.

Top