സ്ത്രീ എന്ന പരിഗണനപോലും നല്‍കിയില്ല; കയ്യേറ്റത്തില്‍ പ്രതികരണവുമായി രമ്യ ഹരിദാസ്

ന്യൂഡല്‍ഹി: സ്ത്രീ എന്ന പരിഗണനപോലും തനിക്ക് നല്‍കിയില്ലെന്ന് രമ്യ ഹരിദാസ് എംപി. പ്രതിഷേധിക്കാനുള്ള അവകാശത്തെ അടിച്ചമര്‍ത്തുകയാണെന്നും രമ്യ പറഞ്ഞു.മഹാരാഷ്ട്ര പ്രതിഷേധത്തിനിടെ പുരുഷ മാര്‍ഷല്‍മാര്‍ കയ്യേറ്റം ചെയ്ത സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അവര്‍. രമ്യ ഹരിദാസ് എംപിയേയും തമിഴ്‌നാട്ടില്‍ നിന്നുള്ള ലോക്‌സഭാംഗം ജോതി മണിയെയുമാണ് പുരുഷ മാര്‍ഷല്‍മാര്‍ കയ്യേറ്റം ചെയ്തത്.

മഹാരാഷ്ട്ര പ്രശ്നത്തില്‍ പാര്‍ലമെന്റിന്റെ നടുത്തളത്തില്‍ ഇറങ്ങി കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് സഭാ അംഗങ്ങളെ പിന്തിരിപ്പിക്കാന്‍ മാര്‍ഷല്‍മാരെ നിയോഗിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയത്. രമ്യ ഹരിദാസിനെ ലോക്സഭയിലെ പുരുഷ മാര്‍ഷല്‍മാര്‍ ബലം പ്രയോഗിച്ച് പിടിച്ച് മാറ്റുകയായിരുന്നു.

ജനാധിപത്യം സംരക്ഷിക്കാന്‍ ഏതറ്റംവരെയും പോകും. മഹാരാഷ്ട്ര ഗവര്‍ണര്‍ക്ക് ശിപായി ആകാനുള്ള യോഗ്യത പോലുമില്ലെന്നും രമ്യ സ്പീക്കര്‍ക്കു നല്‍കിയ പരാതിയില്‍ പറഞ്ഞു. പാര്‍ലമെന്റിലുണ്ടായ കയ്യേറ്റത്തെ തുടര്‍ന്നായിരുന്നു രമ്യ സ്പീക്കര്‍ക്ക് പരാതി നല്‍കിയത്.

അതിനിടെ ജനാധിപത്യം കശാപ്പ് ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് എഴുതിയ ബാനര്‍ ലോക്സഭയില്‍ ഉയര്‍ത്തിയതിന് ഹൈബി ഈഡനെയും ടിഎന്‍ പ്രതാപനേയും ഒരു ദിവസത്തേക്ക് സഭാ നടപടികളില്‍ നിന്ന് സ്പീക്കര്‍ മാറ്റി നിര്‍ത്തി. മാപ്പ് പറഞ്ഞശേഷം സഭയില്‍ കയറിയാല്‍ മതിയെന്ന് ഇരുവരോടും സ്പീക്കര്‍ നിര്‍ദേശിച്ചു.

സംഭവത്തില്‍ സ്പീക്കറുമായി സോണിയാ ഗാന്ധിയും ചര്‍ച്ച നടത്തി. ഉത്തരവാദിത്തപ്പെട്ടവര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് സോണിയ ഗാന്ധി ആവശ്യപ്പെട്ടു.

Top