കൊട്ടിക്കലാശത്തിനിടെ പരക്കെ സംഘർഷം ; രമ്യാ ഹരിദാസിന്‍റെ വാഹനത്തിന് നേരെ കല്ലേറ്

ആലത്തൂര്‍ : സംസ്ഥാനത്ത് കലാശക്കൊട്ടിനിടെ പലയിടത്തും സംഘര്‍ഷം. ആലത്തൂരിൽ കലാശക്കൊട്ടിനിടെയുണ്ടായ കല്ലേറിൽ യുഡിഎഫ് സ്ഥാനാർഥി രമ്യാ ഹരിദാസിനും അനിൽ അക്കര എംഎൽഎയ്ക്കും പരുക്കേറ്റു. ഇരുവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘര്‍ഷത്തില്‍ പൊലീസുകാര്‍ക്കും പരിക്കേറ്റു.

കോൺഗ്രസ് പ്രവർത്തകരുടെ കല്ലേറിൽ ആലത്തൂർ എംഎൽഎ കെ ഡി പ്രസേനനും പരിക്കേറ്റു. കാസർകോട് യുഡിഎഫ്, എല്‍ഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷാവസ്ഥയുണ്ടായി . ആലത്തൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ വാഹനത്തിന് നേരെ കല്ലേറുണ്ടായി. കരുനാഗപ്പള്ളിയിൽ യുഡിഎഫ്, എല്‍ഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായതിനെ തുടര്‍ന്ന് പൊലീസ് ലാത്തി വീശി . ആലപ്പുഴ സക്കറിയാ ബസാറിൽ കൊട്ടിക്കലാശത്തിനിടെ ഉന്തും തള്ളുമുണ്ടായി .

തിരുവല്ലയിൽ സിപിഎം- ബിജെപി പ്രവർത്തകർ തമ്മിലുണ്ടായ കല്ലേറില്‍ പൊലീസുകാരന്‍ ഉള്‍പ്പെടെ ഒട്ടേറെപേര്‍ക്ക് പരുക്കേറ്റു. മൂന്നുണിയോടെ തുടങ്ങിയ സംഘര്‍ഷം ഒന്നര മണിക്കൂറിലേറെ നീണ്ടു. തുടർന്ന് പൊലീസ് ലാത്തിവീശി. കലാശക്കൊട്ടിന് പ്രചാരണ വാഹനം നിർത്തുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. പ്രവർത്തകർ വാഹനങ്ങളും തല്ലിത്തകർത്തു. സംഘര്‍ഷത്തില്‍ കണ്ടാലറിയാവുന്ന 30 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

Top