Remove Raghuram Rajan As RBI Governor, Writes Subramanian Swamy To PM

ന്യൂഡല്‍ഹി: റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനെ പദവിയില്‍ നിന്നും എത്രയും പെട്ടെന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമിയുടെ കത്ത്.

രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ തകര്‍ക്കുന്ന ആളാണ് രഘുറാം രാജനെന്ന് ആരോപിച്ചാണ് സുബ്രഹ്മണ്യന്‍ സ്വാമി മോദിക്ക് കത്തെഴുതിയത്. രാജന്‍ മനപ്പൂര്‍വ്വം ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. അയാള്‍ മാനസികമായി പൂര്‍ണ്ണമായൊരു ഇന്ത്യക്കാരനല്ലെന്നും സ്വാമി കത്തില്‍ ആരോപിക്കുന്നു.

രണ്ട് വര്‍ഷം കൊണ്ട് പൊതുമേഖലാ ബാങ്കുകളില്‍ കിട്ടാക്കടം ഇരട്ടിച്ച് 3.5 കോടിയായി. പലിശ നിരക്ക് കൂട്ടിയത് ഇന്ത്യയില്‍ തൊഴിലില്ലായ്മ വര്‍ദ്ധിക്കാന്‍ കാരണമായി.

ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥ തകര്‍ന്നതില്‍ പൂര്‍ണ ഉത്തരവാദിത്തം അദ്ദേഹത്തിനാണെന്നും സുബ്രഹ്മണ്യന്‍ സ്വാമി കത്തില്‍ പറയുന്നു. രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥ തകര്‍ക്കാന്‍ അദ്ദേഹം മനപ്പൂര്‍വ്വം ശ്രമിക്കുന്നതാണെന്ന് ഇത്തരം പ്രവൃത്തികള്‍ തെളിയിക്കുന്നതായും സ്വാമി ആരോപിക്കുന്നു.

അമേരിക്കയില്‍ ഗ്രീന്‍ കാര്‍ഡ് ഉള്ള റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഇന്ത്യക്കാരനല്ലെന്നും അത് കൊണ്ട് അദ്ദേഹം ചിക്കാഗോയിലേക്ക് മടങ്ങി പോകുന്നതാണ് നല്ലതെന്നും സ്വാമിയുടെ കത്തിലുണ്ട്.

2013ല്‍ ആര്‍ബിഐയുടെ 23ാം ഗവര്‍ണര്‍ ആകുന്നതിനു മുമ്പ് ചിക്കാഗോ ബൂത്ത് സ്‌കൂള്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസറായി ജോലി ചെയ്യുകയായിരുന്നു. നിലവില്‍ ജോലിയില്‍ നിന്നും അവധിയെടുത്താണ് ആര്‍ബിഐ ഗവര്‍ണര്‍ പദവി രഘുറാം രാജന്‍ വഹിക്കുന്നത്.

രഘുറാം രാജന്‍ ആര്‍ബിഐ ഗവര്‍ണര്‍ സ്ഥാനത്തു നിന്നും രാജിവെച്ച് ചിക്കാഗോയിലേക്ക് പോകണമെന്ന് സ്വാമി നേരത്തേ ആവശ്യപ്പെട്ടിരുന്നു.

Top