മേയര്‍ രാജി വെയ്ക്കണം; കൊച്ചി നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധം

കൊച്ചി: മേയര്‍ സൗമിനി ജെയിന്‍ രാജി വെയ്ക്കണം എന്നാവശ്യപ്പെട്ട് കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധം. മേയര്‍ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചു. പ്രതിഷേധ ബാനറുകള്‍ ഉയര്‍ത്തി പിടിച്ചാണ് പ്രതിപക്ഷത്തിന്റെപ്രതിഷേധം. ജനങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്യാത്ത ഭരണ സമിതിക്ക് തുടരാന്‍ അര്‍ഹതയില്ലെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

തെരഞ്ഞെടുപ്പ് ദിവസം കൊച്ചയിലുണ്ടായ വെളളക്കെട്ടും എറണാകുളം ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ഭൂരിപക്ഷം കുറഞ്ഞതുമാണ് മേയറെ സ്ഥാനത്ത് നിന്ന് മാറ്റുന്നതിന് അണിയറയില്‍ ചരട് വലി മുറുകുന്നത്.

അതേസമയം കൊച്ചി മേയറെ മാറ്റുന്നതിനെ ചൊല്ലി ഇന്ദിര ഗാന്ധി അനുസ്മരണം നടക്കുന്നതിനിടെ എറണാകുളം ഡി.സി.സിയിലും വാക്ക് തര്‍ക്കവും കൈയ്യാങ്കളിയും നടന്നു. കെ.വി.തോമസ് അടക്കമുള്ള മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു കയ്യാങ്കളി.

കൊച്ചി മേയര്‍ സ്ഥാനത്തു നിന്ന് സൗമിനി ജയിനെ മാറ്റണമെന്നാവശ്യപ്പെട്ട് ബ്ലോക്ക് വൈസ് പ്രസിഡന്റ് നോര്‍മന്‍ ജോസഫ് രംഗത്തെത്തിയതോടെയാണ് ചടങ്ങ് കയ്യാങ്കളിയില്‍ ചെന്നെത്തിയത്. ചടങ്ങില്‍ എന്‍.വേണുഗോപാല്‍ സംസാരിച്ച് കഴിഞ്ഞ ഉടനെയാണ് മേയറെ മാറ്റണമെന്ന ആവശ്യം ഉന്നയിച്ചു കൊണ്ടുള്ള നോര്‍മന്‍ ജോസഫിന്റെ അപ്രതീക്ഷ രംഗപ്രവേശം. ഈ മേയറെ വെച്ച് കൊണ്ട് ഇനിയും മുന്നോട്ട് പോകാനാവില്ല എന്നും അദ്ദേഹം പറഞ്ഞു.താനടക്കമുള്ള നേതാക്കളോട് പോലും മേയര്‍ മാന്യമായി പെരുമാറുന്നില്ല എന്നടക്കമുള്ള കാര്യങ്ങള്‍ നോര്‍മല്‍ ജോസഫ് ഉന്നയിച്ചു. തുടര്‍ന്ന് ഇയാളെ പിടിച്ച് മാറ്റാന്‍ മറ്റു നേതാക്കള്‍ ശ്രമിച്ചപ്പോള്‍ അവരെ തള്ളി മാറ്റുകയായിരുന്നു. തുടര്‍ന്ന് ഉന്തും തള്ളുമായി ചടങ്ങ് അലങ്കോലമായി.

കെ.ബാബു, കെ.വി.തോമസ്, ഡൊമനിക് പ്രസന്റേഷന്‍ തുടങ്ങി മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്ത ചടങ്ങിലായിരുന്നു കൈയ്യാങ്കളി അരങ്ങേരിയത്. ഇതിനിടെ കയ്യാങ്കളി നടത്തിയ ബ്ലോക്ക് വൈസ്.പ്രസിഡന്റ് നോര്‍മന്‍ ജോസഫിനെ ഡിസിസി പ്രസഡിന്റ് സസ്‌പെന്‍ഡ് ചെയ്തു

അതേസമയം കൊച്ചി മേയര്‍ സ്ഥാനത്തു നിന്ന് സൗമിനി ജെയിനിനെ തല്‍ക്കാലം മാറ്റേണ്ടതില്ലെന്ന് കോണ്‍ഗ്രസ് തീരുമാനമെടുത്തു. മേയറെ അധിക്ഷേപിച്ചോ ആക്ഷേപിച്ചോ പറഞ്ഞുവിടേണ്ട ഒരു സാഹചര്യം ഉണ്ടാകേണ്ടതില്ല എന്നാണ് കെ പി സി സി തീരുമാനം.

വെളളക്കെട്ടിന്റെ പൂര്‍ണ ഉത്തരവാദിത്തം മേയര്‍ക്ക് മാത്രമല്ല. പലര്‍ക്കും അതില്‍ ഉത്തരവാദിത്തമുണ്ട്. കൗണ്‍സിലിന്റെ കൂട്ടുത്തരവാദിത്തമാണ് അത്. ഈ ഒരു സാഹചര്യത്തില്‍ യു ഡി എഫ് ഭരിക്കുന്ന കൗണ്‍സിലില്‍ ഒരാളെ മാത്രം ഒറ്റപ്പെടുത്തി ആക്രമിക്കുന്നത് ശരിയല്ല. മാത്രമല്ല അവരെ ആക്രമിക്കാന്‍ പല രീതിയിലുള്ള ശ്രമങ്ങള്‍ പല ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ട്. അതൊക്കെ തന്നെ വലിയ തോതിലുള്ള പ്രതിഷേധമുളവാക്കുന്ന കാര്യമാണെന്നും നേതൃത്വം വിലയിരുത്തി.

പക്വതയില്ലാത്ത നിലപാടാണ് പല നേതാക്കളുടെ ഭാഗത്തു നിന്നും ഉണ്ടായതെന്നും ഉന്നതാധികാര സമിതി യോഗത്തില്‍ കെ പി സി സി അധ്യക്ഷന്‍ പറഞ്ഞു. ഇപ്പോള്‍ തിരക്കിട്ട് മേയറെ മാറ്റേണ്ട ആവശ്യമില്ല. ആവശ്യമെങ്കില്‍ ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പിനു ശേഷം അക്കാര്യത്തെപ്പറ്റി ആലോചിക്കാമെന്നും കെ പി സി സി അധ്യക്ഷന്‍ വ്യക്തമാക്കി.

Top