പമ്പയിലെ എക്കല്‍ നീക്കം; വനം വകുപ്പിന് ഇടപെടാന്‍ സാധിക്കില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പമ്പയിലെ എക്കല്‍ നീക്കം വനം വകുപ്പ് ഇടപെട്ട് നിര്‍ത്തിവെക്കാനാകില്ല. വനത്തിലൂടെ പോകുന്ന നദികളുടെ അധികാരം വനം വകുപ്പിനാണെന്ന തെറ്റിദ്ധാരണ ചിലര്‍ക്കുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.ദുരന്ത നിവാരണ നിയമ പ്രകാരം ഉള്ള പ്രവര്‍ത്തി തടയാന്‍ വനം വകുപ്പിന് ആകില്ല. ഡി എം ആക്ടില്‍ അവര്‍ക്ക് ഇടപെടാനാകില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം, പമ്പയിലെ മണലെടുപ്പ് സംബന്ധിച്ച് അടിയന്തരമായി സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.

നിയമങ്ങള്‍ക്കും നടപടിക്രമങ്ങള്‍ക്കും വിരുദ്ധമായി പൊതുമേഖലാസ്ഥാപനത്തിന്റെ മറവില്‍ പമ്പ-ത്രിവേണി മണല്‍ക്കൊള്ളയ്ക്ക് കളമൊരുക്കുകയും നടപടികളുമായി മുന്നോട്ടുപോകുകയും ചെയ്ത മുന്‍ ചീഫ് സെക്രട്ടറി ടോംജോസ്, ചീഫ് സെക്രട്ടറി ഡോ. വിശ്വാസ്മേത്ത, ഡിജിപി ലോക്നാഥ് ബഹ്റ എന്നിവര്‍ക്കെതിരെ നിയമപരമായനടപടികള്‍ സ്വീകരിക്കണമെന്ന് കത്തിലുണ്ട്.

കോടിക്കണക്കിന് രൂപ വിലവരുന്ന ഈ മണല്‍ ഇടപാടിനെക്കുറിച്ചും അതു സംബന്ധിച്ച് ഇവര്‍ മൂന്നുപേരും നടത്തിയ ഗൂഢാലോചനയെക്കുറിച്ചും സമഗ്രമായി അന്വേഷിക്കേണ്ടിയിരിക്കുന്നുവെന്നും കത്തില്‍ പറയുന്നു.

Top