മാന്‍ വേഴ്സസ് വൈല്‍ഡില്‍ ഹിന്ദി അറിയാത്ത അവതാരകനുമായി എങ്ങനെ സംസാരിച്ചു?; മോദി പറയുന്നു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യാഥിതിയായി എത്തിയ ‘മാന്‍ വേഴ്സസ് വൈല്‍ഡ്’ എന്ന പരിപാടി സോഷ്യല്‍ മീഡിയിലടക്കം വന്‍ വൈറലായി മാറിയിരുന്നു. എന്നാല്‍ ഓഗസ്റ്റ് 12-ന് സംപ്രേഷണം ചെയ്ത പരിപാടിയില്‍ മോദിയും അവതാരകന്‍ ബെയര്‍ ഗ്രില്‍സും രണ്ടുവ്യത്യസ്ത ഭാഷകളില്‍ സംസാരിച്ചത് ഏവരെയും അമ്പരപ്പിച്ചിരുന്നു. മോദി ഹിന്ദിയിലും ബെയര്‍ ഗ്രില്‍സ് ഇംഗ്ലീഷിലുമാണ് പരിപാടിയില്‍ സംസാരിച്ചിരുന്നത്.

പക്ഷേ, ഹിന്ദിയറിയാത്ത ബെയര്‍ എങ്ങനെ മോദിയുമായി തത്സമയം ആശയവിനിമയം നടത്തി എന്നതായിരുന്നു പലരുടെയും ചോദ്യം. ഒടുവില്‍ ആ ചോദ്യത്തിന്റെ ഉത്തരം പ്രധാനമന്ത്രി തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്.ഓഗസ്റ്റ് 25-ന് സംപ്രേഷണം ചെയ്ത മന്‍ കി ബാത്തിലാണ് മോദി മാന്‍ വേഴ്സസ് വൈല്‍ഡ് പരിപാടിയെക്കുറിച്ച് വാചാലനായത്. റിമോട്ട് ട്രാന്‍സലേറ്ററിന്റെ സഹായത്തോടെയാണ് താനും ബ്രയര്‍ ഗ്രില്‍സും സംസാരിച്ചതെന്നാണ് മോദി പറഞ്ഞത്.

‘ചിലര്‍ എന്നോട് ഒരു കാര്യം ചോദിച്ചിരുന്നു. അതും കുറച്ച് സംശയത്തോടെ തന്നെയായിരുന്നു. മോദിജി നിങ്ങള്‍ സംസാരിച്ചത് ഹിന്ദിയിലാണ്. എന്നാല്‍ ബെയര്‍ ഗ്രില്‍സിന് ഹിന്ദി അറിയുകയുമില്ല. എങ്ങനെയാണ് നിങ്ങള്‍ രണ്ടുപേരും സംഭാഷണം നടത്തിയത് എന്നായിരുന്നു അവരുടെ ചോദ്യം.

അതില്‍ ഒരു ദുരൂഹതയുമില്ല. ബെയര്‍ ഗ്രില്‍സുമായുള്ള സംഭാഷണത്തിന് സാങ്കേതികവിദ്യയുടെ സഹായം ഉപയോഗിച്ചിരുന്നു. ഞാന്‍ എന്തുപറഞ്ഞാലും നിമിഷങ്ങള്‍ക്കകം അത് ഇംഗ്ലീഷില്‍ പരിഭാഷപ്പെടുത്തി ബെയര്‍ ഗ്രില്‍സിന് കേള്‍ക്കാന്‍ കഴിഞ്ഞു. അദ്ദേഹത്തിന്റെ ചെവിയില്‍ ഘടിപ്പിച്ച ചെറിയ ട്രാന്‍സലേറ്ററിലൂടെയാണ് അത് സാധ്യമായത്. ഇത് ഞങ്ങളുടെ സംഭാഷണം അനായസമാക്കി’- മോദി വ്യക്തമാക്കി.

Top